ദുബായ്: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ ഭയന്ന് സിഗ്നൽ സംവിധാനങ്ങൾ ഓഫാക്കി എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നു. കഴിഞ്ഞ ആഴ്ച മാത്രം ഇത്തരത്തിൽ രണ്ട് കൂറ്റൻ എണ്ണക്കപ്പലുകൾ അതീവ രഹസ്യമായി കടലിടുക്ക് പിന്നിട്ടതായി ഷിപ്പിംഗ് ഡാറ്റാ ഏജൻസിയായ കപ്ലർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ സിർകു ടെർമിനലിൽ നിന്ന് 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റിയ ബസ്റ എനർജി എന്ന കപ്പലാണ് ഇതിൽ പ്രധാനം. മെയ് ഒന്നിന് എണ്ണ നിറച്ച കപ്പൽ മെയ് ആറിനാണ് ഹോർമുസ് കടലിടുക്ക് കടന്നത്. തിരിച്ചറിയാതിരിക്കാൻ ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്തായിരുന്നു യാത്ര. മെയ് എട്ടിന് ഈ കപ്പൽ ഫുജൈറ ടാങ്കർ ടെർമിനലിൽ എണ്ണ ഇറക്കി. പനാമ പതാക ഘടിപ്പിച്ച ഈ കപ്പൽ സിനോകോർ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. സാൻ മറിനോ പതാകയുള്ള ‘കിയാര എം’ എന്ന മറ്റൊരു കൂറ്റൻ കപ്പലും സമാന രീതിയിൽ ഞായറാഴ്‌ച സിഗ്നലുകൾ ഓഫാക്കി കടലിടുക്ക് കടന്നു. ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ എണ്ണയാണ് ഈ കപ്പലിലുള്ളത്.
എന്നാൽ ഈ കപ്പൽ എവിടെയാണ് എണ്ണ ഇറക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
മേഖലയിലെ സംഘർഷം കാരണം ഗൾഫ് രാജ്യങ്ങളിൽ എണ്ണ നീക്കം തടസ്സപ്പെടാതിരിക്കാൻ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. അഡ്നോക് ഉൾപ്പെടെയുള്ള കമ്പനികൾ തങ്ങളുടെ എണ്ണ സുരക്ഷിതമായി പുറത്തെത്തിക്കാൻ പല മാർഗങ്ങളും തേടുന്നുണ്ട്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ കപ്പലുകളുടെ സ്ഥാനം വെളിപ്പെടുത്തുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫാക്കി യാത്ര ചെയ്യുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.



















Leave a Reply