GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

42 കോടി യാത്രകൾ: സൗദിയുടെ ട്രാൻസ്പോർട്ട് രംഗത്ത് വൻ മുന്നേറ്റം

ജിദ്ദ – സൗദി അറേബ്യയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം (2025) 42 കോടിയിലധികം യാത്രക്കാരാണ് രാജ്യത്തെ വിവിധ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിച്ചത്. 2019-ൽ ഇത് വെറും 18.33 കോടി മാത്രമായിരുന്നു. ഇതിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 129 ശതമാനം വളർച്ചയാണ് ഉണ്ടായത്. പൊതുഗതാഗത മേഖലയുടെ വേഗതയിലുള്ള വികാസവും ജനങ്ങൾക്കിടയിൽ ഇതിനുള്ള സ്വീകാര്യതയുമാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഏപ്രിൽ 17-ന് ലോക പൊതുഗതാഗത ദിനാചരണത്തോടനുബന്ധിച്ചാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും ഇത്തരം സംവിധാനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

ബസ് സർവീസുകളുടെ കാര്യത്തിലും വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചത്. 2019-ൽ വെറും നാല് നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന പബ്ലിക് ബസ് സർവീസ് ഇപ്പോൾ 17 നഗരങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു. സുരക്ഷാ സവിശേഷതകളുള്ള അത്യാധുനിക ബസുകൾ കൃത്യമായ ഷെഡ്യൂൾ പാലിച്ച് സർവീസ് നടത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നു. 2024 മുതൽ 2025 വരെയുള്ള കാലയളവിൽ മാത്രം പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനം വർധനവുണ്ടായി. കൂടാതെ ഈ വർഷത്തെ ആദ്യ പാദത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ടാക്സി സർവീസുകളിലും റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളിലും ജനങ്ങൾക്ക് വിശ്വാസമർപ്പിക്കുന്നു. 2019 നും 2025 നും ഇടയിൽ പബ്ലിക് ടാക്സി സർവീസുകൾ ഉപയോഗിച്ചവരുടെ എണ്ണം 37.7 കോടി കവിഞ്ഞു. ഇക്കാലയളവിൽ ടാക്‌സി സർവീസുകളിൽ 15 ശതമാനവും മൊബൈൽ ആപ്പ് വഴിയുള്ള യാത്രകളിൽ 64 ശതമാനവും വളർച്ചയുണ്ടായി. ആപ്പുകൾ വഴി മാത്രം 54.8 കോടി യാത്രകളാണ് നടന്നത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രെയിൻ സർവീസ് കഴിഞ്ഞ വർഷം 3.4 കോടി യാത്രക്കാർ ഉപയോഗിച്ചു. റിയാദിലെ പ്രിൻസസ് നൂറ ബിൻത് അബ്‌ദുറഹ്‌മാൻ സർവകലാശാലയിലെ ഓട്ടോമേറ്റഡ് ട്രെയിനിൽ 30 ലക്ഷത്തിലേറെ പേർ യാത്ര ചെയ്ത‌തും പൊതുഗതാഗത രംഗത്തെ വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!