കുവൈറ്റ് സിറ്റി:ഓൺലൈൻ തെറ്റായ വിവരങ്ങൾ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ സഹകരണ സംഘടന (DCO) അതിനെതിരെ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. ബുധനാഴ്ച കുവൈറ്റ് സിറ്റിയിൽ നടന്ന അഞ്ചാമത് പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനം.സർവേയിൽ പങ്കെടുത്ത സർക്കാർ വിദഗ്ധരിൽ 80 ശതമാനവും തെറ്റായ വിവരങ്ങളെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും വലിയ അപകടമായി കണക്കാക്കുന്നതായി കുവൈറ്റിലെ സഹമന്ത്രി ഒമർ സൗദ് അൽ-ഒമർ വ്യക്തമാക്കി. സമൂഹത്തിന്റെ ഐക്യത്തെ തന്നെ തെറ്റായ വിവരങ്ങൾ അപകടത്തിലാക്കുന്നുവെന്നും, ഇതിനെ ചെറുക്കാൻ സംയുക്ത ശ്രമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റൽ വിശ്വാസം, കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്വപരമായ ഉപയോഗം, അന്താരാഷ്ട്ര സഹകരണം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൗദി അറേബ്യയുടെ ഐടി മന്ത്രി അബ്ദുല്ല അൽ-സ്വാഹ ഊന്നിപ്പറഞ്ഞു.ഡിജിറ്റൽ വിടവ് നികത്തുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭാവി സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് ഡിസിഒ സെക്രട്ടറി ജനറൽ ദീമ അൽ-യഹ്യ വ്യക്തമാക്കി. നിലവിൽ 16 അംഗരാജ്യങ്ങളും 60-ലധികം നിരീക്ഷകരുമുള്ള ഡിസിഒ ആഗോള ഡിജിറ്റൽ അജണ്ട രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയാണെന്നും സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

