GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി–റഷ്യ കൈകോർക്കുന്നു: 480 കോടി റിയാലിന്റെ 13 തന്ത്രപര കരാറുകൾ

ജിദ്ദ – സഹകരണവും ഉഭയകക്ഷി വ്യാപാരവും വികസിപ്പിക്കാനായി സൗദി അറേബ്യയും റഷ്യയും ഭക്ഷ്യസുരക്ഷ അടക്കം വിവിധ മേഖലകളിൽ 480 കോടി റിയാൽ നിക്ഷേപ മൂല്യമുള്ള 13 തന്ത്രപരമായ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സുപ്രധാന, ഭക്ഷ്യ മേഖലകളിൽ വൈദഗ്ധ്യം നേടിയ പ്രധാന റഷ്യൻ കമ്പനികളെ ആകർഷിച്ചു.

വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കാനും നൂതന ബയോടെക്നോളജി പ്രാദേശികവൽക്കരിക്കാനും വിതരണ ശൃംഖലകളുടെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും സർക്കാർ വകുപ്പുകളും പ്രധാന ബിസിനസ്സ് കമ്പനികളും ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്തു.

സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ വിശിഷ്‌ടാതിഥിയായി സൗദി അറേബ്യ പങ്കെടുത്ത് ഇരു രാജ്യങ്ങളും തമ്മിൽ ഏതാനും സുപ്രധാന മേഖലകളിൽ കരാറുകളും ധാരണാപത്രങ്ങളും വെച്ചതായി സൗദി കൃഷി ഉപമന്ത്രി എൻജിനീയർ മൻസൂർ അൽമുശൈത്തി പറഞ്ഞു. മൃഗങ്ങളുടെ ആരോഗ്യവും ജൈവ സുരക്ഷയും വർധിപ്പിക്കാനായി വെറ്ററിനറി വാക്സിൻ നിർമ്മാണവും പ്രാദേശികവൽക്കരണവും ഇതിൽ ഉൾപ്പെടുന്നു.

സ്വയംപര്യാപ്തതയും പ്രാദേശിക ഉൽപാദനത്തിന്റെ സുസ്ഥിരതയും ഉറപ്പാക്കുന്നതിന് ബ്രോയിലർ ഇനങ്ങളുടെ വികസനം, കന്നുകാലി മേഖലയുടെ സ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്നതിന് കാലിത്തീറ്റ ചേരുവകളും വിതരണ ശൃംഖലകളും സുരക്ഷിതമാക്കുന്നതും കരാറിലുണ്ട്. സൗദിയിൽ നിന്നുള്ള ചെമ്മീൻ, മത്സ്യ കയറ്റുമതിക്ക് മത്സ്യ ഇറക്കുമതി, ആഗോള വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന റഷ്യൻ കമ്പനികളുമായും കരാറുകളും ഒപ്പുവെച്ചു.

ഒട്ടകപ്പാലും ഉപോൽപന്നങ്ങളും റഷ്യൻ, അന്താരാഷ്ട്ര വിപണികളിൽ വിപണനം ചെയ്യാനും കയറ്റുമതി ചെയ്യാനുമുള്ള കരാറുകൾ, സൗദി കാപ്പി ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിനും കയറ്റുമതിക്കുമുള്ള കരാർ, ശീതളപാനീയ മേഖലയിൽ സഹകരണത്തിനും വിനിമയത്തിനുമുള്ള കരാർ എന്നിവയും ഫോറത്തിൽ ഒപ്പുവെച്ചിട്ടുണ്ട്

സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സൗദി അറേബ്യയുടെ പങ്കാളിത്തം രാജ്യത്തിനും റഷ്യക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതായും പരിസ്ഥിതി, ജലം, കൃഷി എന്നീ മേഖലകളിൽ അനുഭവങ്ങൾ കൈമാറാനും ലഭ്യമായ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരമാണെന്നും എൻജിനീയർ മൻസൂർ അൽമുശൈത്തി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!