റിയാദ്: സൗദി അറേബ്യയിൽ 2027ഓടെ 80,000 ഭവന യൂണിറ്റുകളും വികസിപ്പിച്ച പാർപ്പിട പ്ലോട്ടുകളും ലഭ്യമാക്കാൻ പദ്ധതി. രാജ്യത്തെ ഭവന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നതെന്ന് മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അറിയിച്ചു.
2027ലെ പൊതുബജറ്റുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അഹമ്മദ് അൽ ദഫീരിയാണ് പുതിയ വികസന ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചത്.
പ്രാദേശിക, അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായി സഹകരിച്ചാണ് പുതിയ ഭവന പദ്ധതികൾ നടപ്പാക്കുന്നത്. കുടുംബങ്ങൾക്ക് കൂടുതൽ പാർപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം റിയൽ എസ്റ്റേറ്റ് വിപണിയിലെ സ്ഥിരത ഉറപ്പാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
ജനസംഖ്യയുടെ 77 ശതമാനത്തിനും 800 മീറ്ററിനുള്ളിൽ പാർക്കുകളും പൊതുസ്ഥലങ്ങളും
രാജ്യത്തെ നഗരവികസന പദ്ധതികളുടെ ഭാഗമായി 77 ശതമാനം താമസക്കാർക്കും വീടുകളിൽ നിന്ന് 800 മീറ്ററിനുള്ളിൽ പാർക്കുകളോ പൊതുസ്ഥലങ്ങളോ ലഭ്യമാക്കാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ജിദ്ദ, അൽ ഖോബാർ, ജിസാൻ എന്നിവിടങ്ങളിലെ കടൽത്തീര വികസന പദ്ധതികളും ഇതിന്റെ ഭാഗമാണ്. നടത്തം, കായിക വിനോദങ്ങൾ, കുടുംബസംഗമങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കൂടുതൽ പൊതുസ്ഥലങ്ങൾ ഒരുക്കിവരികയാണ്.
രണ്ട് വർഷത്തിനിടെ 58 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു
2026 സെപ്റ്റംബർ അവസാനത്തോടെ രാജ്യത്ത് 137 പാർക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.
കൂടാതെ, 2025, 2026 വർഷങ്ങളിലായി ഏകദേശം 58 ലക്ഷം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. നഗരങ്ങളിലെ ഹരിത പ്രദേശങ്ങൾ വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി.
25,000ത്തിലധികം കുടുംബങ്ങൾക്ക് ഭവനസൗകര്യം
2026ൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25,000ത്തിലധികം കുടുംബങ്ങൾക്ക് അനുയോജ്യമായ ഭവനസൗകര്യം ലഭ്യമാക്കാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ മേഖലയുടെയും ലാഭേച്ഛയില്ലാത്ത സംഘടനകളുടെയും സഹകരണത്തോടെയാണ് ഭവന പദ്ധതികൾ വിപുലീകരിക്കുന്നത്.
115 അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ 115 അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ അടച്ചുപൂട്ടി.
നഗര മാലിന്യങ്ങളും നിർമ്മാണ, പൊളിക്കൽ മാലിന്യങ്ങളും പുനരുപയോഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
2027ൽ റോഡുകളുടെ നിലവാരവും അടിയന്തര സേവനങ്ങളും മെച്ചപ്പെടുത്തും
പ്രധാന റോഡുകളുടെ ഗുണനിലവാര സൂചിക 68.8 ശതമാനമായി ഉയർത്തുകയാണ് 2027ലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
നഗരങ്ങളിലെ ദൃശ്യ മലിനീകരണം കുറയ്ക്കുന്നതിനും ശുചിത്വം മെച്ചപ്പെടുത്തുന്നതിനുമായി സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തും.
മുനിസിപ്പൽ അടിയന്തര, പ്രതിസന്ധി നിയന്ത്രണ കേന്ദ്രങ്ങളുടെ പ്രവർത്തന സജ്ജത 80 ശതമാനമായി ഉയർത്താനും ലക്ഷ്യമിടുന്നു.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി കൂടുതൽ ഭവന സൗകര്യങ്ങളും ഹരിത പ്രദേശങ്ങളും മികച്ച റോഡുകളും പൊതുസേവനങ്ങളും ഒരുക്കി നഗരങ്ങളെ കൂടുതൽ സുരക്ഷിതവും താമസയോഗ്യവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
