റിയാദ്: ഇറാൻ–അമേരിക്ക യുദ്ധം ആരംഭിച്ച ഫെബ്രുവരി അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ എണ്ണ കയറ്റുമതി നിലവാരത്തിലേക്ക് സൗദി അറേബ്യ എത്തുന്നതായി റിപ്പോർട്ട്. ചരക്കുനീക്കവും വ്യാപാര ഉൽപന്നങ്ങളും നിരീക്ഷിക്കുന്ന കെപ്ലർ (Kpler) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ 1 മുതൽ 15 വരെ സൗദിയുടെ ശരാശരി എണ്ണ കയറ്റുമതി പ്രതിദിനം 55.5 ലക്ഷം ബാരലായിരുന്നു.
സെപ്റ്റംബറിൽ പ്രതിദിനം 71.6 ലക്ഷം ബാരലായിരുന്നു കയറ്റുമതി. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ നിലവാരമായിരുന്നു ഇത്. ഫെബ്രുവരിയിൽ പ്രതിദിനം 73.3 ലക്ഷം ബാരൽ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
റാസ് തനൂറയിൽ കയറ്റുമതി കുറഞ്ഞു
അറേബ്യൻ ഗൾഫിലെ റാസ് തനൂറ തുറമുഖം വഴി ഒക്ടോബർ ആദ്യ പകുതിയിൽ പ്രതിദിനം ശരാശരി 29.8 ലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്തത്. സെപ്റ്റംബറിൽ ഇത് 41.6 ലക്ഷം ബാരലായിരുന്നു. ചെങ്കടലിലെ യൻബു തുറമുഖം വഴി പ്രതിദിനം ശരാശരി 23.4 ലക്ഷം ബാരലും മറ്റു തുറമുഖങ്ങൾ വഴി 2.29 ലക്ഷം ബാരലും കയറ്റുമതി ചെയ്തു.
കിഴക്കൻ പ്രവിശ്യയെ ചെങ്കടലിലെ യൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈൻ ഉപയോഗിച്ച് കയറ്റുമതി പാതകൾ മാറ്റാനുള്ള സൗദി അരാംകോയുടെ ശേഷിയും കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ, മേയ് മാസങ്ങളിൽ റാസ് തനൂറ വഴിയുള്ള കയറ്റുമതി പൂർണമായി നിലച്ചതോടെ സൗദിയുടെ എണ്ണ കയറ്റുമതി മുഴുവൻ യൻബു വഴിയായിരുന്നു. ജൂണിൽ യൻബു വഴിയുള്ള കയറ്റുമതി പ്രതിദിനം 42.9 ലക്ഷം ബാരലിലെത്തി. ആകെ കയറ്റുമതിയുടെ ഏകദേശം 93 ശതമാനമായിരുന്നു ഇത്. ഫെബ്രുവരിയിൽ യൻബു വഴിയുള്ള കയറ്റുമതി പ്രതിദിനം 8.15 ലക്ഷം ബാരലായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ഇറാഖിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകൾ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈനിനെ ലക്ഷ്യമിട്ടതിനു പിന്നാലെ അരാംകോ റാസ് തനൂറ വഴിയുള്ള കയറ്റുമതി വീണ്ടും വർധിപ്പിച്ചു. സെപ്റ്റംബറിൽ റാസ് തനൂറ വഴിയുള്ള കയറ്റുമതി യൻബു വഴിയുള്ളതിനേക്കാൾ ഏകദേശം ഇരട്ടിയായിരുന്നുവെന്നും കെപ്ലർ കണക്കുകൾ വ്യക്തമാക്കുന്നു.
