ജിദ്ദ: സൗദി അറേബ്യയിലെ മക്ക മേഖലയിലെ ബഹ്റയിൽ കനത്ത മഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി ഒമ്പതുവരെയാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ്, കാഴ്ചപരിധി ഗണ്യമായി കുറയൽ, ആലിപ്പഴവർഷം, ഇടിമിന്നൽ, വെള്ളപ്പാച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
ജിസാൻ, അസീർ, അൽബാഹ, മക്ക മേഖലകളുടെ വിവിധ ഭാഗങ്ങളിൽ മിതമായതുമുതൽ ശക്തമായതുവരെയുള്ള ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടൊപ്പം ആലിപ്പഴവർഷവും പൊടിയും മണലും ഉയർത്തുന്ന ശക്തമായ കാറ്റും അനുഭവപ്പെടാം.
മദീന, ഹായിൽ, തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോർഡേഴ്സ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതുമുതൽ മിതമായതുവരെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. സൗദിയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മക്കയിലും ദമ്മാമിലും 39 ഡിഗ്രി ചൂട്
വ്യാഴാഴ്ച മക്കയിലും ദമ്മാമിലും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നാണ് പ്രവചനം. മദീനയിൽ 38 ഡിഗ്രിയും റിയാദിലും ബുറൈദയിലും 37 ഡിഗ്രിയും രേഖപ്പെടുത്തും. ജിദ്ദ, അറാർ, സകാക്ക എന്നിവിടങ്ങളിൽ 36 ഡിഗ്രിയും ജിസാനിൽ 35 ഡിഗ്രിയും തബൂക്ക്, ഹായിൽ എന്നിവിടങ്ങളിൽ 34 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്.
നജ്റാനിൽ 30 ഡിഗ്രിയും അബഹയിൽ 25 ഡിഗ്രിയും അൽബാഹയിൽ 24 ഡിഗ്രിയുമായിരിക്കും ഉയർന്ന താപനില. ദമ്മാമിൽ അന്തരീക്ഷ ഈർപ്പം 100 ശതമാനം വരെയും അൽബാഹയിൽ 90 ശതമാനവും അബഹ, ജിസാൻ എന്നിവിടങ്ങളിൽ 85 ശതമാനവും മക്ക, ജിദ്ദ എന്നിവിടങ്ങളിൽ 80 ശതമാനവും എത്താൻ സാധ്യതയുണ്ട്.
