റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽ സൗദി അരാംകോയുടെ ഭരണകാര്യ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ചെറിയ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്ന് ഊർജ മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ 13 ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബന്ധപ്പെട്ട അധികൃതർ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
അതേസമയം, ദഹ്റാനിലേക്ക് ഹൂതി സായുധസംഘം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു. മിസൈൽ തകർത്തതിന്റെ അവശിഷ്ടങ്ങൾ ദഹ്റാനിലെ ജനവാസമേഖലയിൽ പതിച്ചതായും സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. അധികൃതർ സ്ഥലത്ത് നടപടികൾ സ്വീകരിച്ചുവരികയാണ്.
അൽ അഹ്സ ഗവർണറേറ്റിലെ ഹറദ് കേന്ദ്രത്തെ ലക്ഷ്യമിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈലും റിയാദിന് വടക്കുഭാഗത്തേക്ക് എത്തിയ മൂന്ന് ഡ്രോണുകളും തകർത്തതായും സഖ്യസേന അറിയിച്ചു.
