ജിദ്ദ: സൗദി അറേബ്യയിലെ അസീർ, മക്ക മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായതുമുതൽ ശക്തമായതുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അസീർ മേഖലയിൽ അൽ ഹറജ, അൽ ഫർഷ, സറാത്ത് അബീദ, ദഹ്റാൻ അൽ ജനൂബ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയാണ് മുന്നറിയിപ്പ്. മക്ക മേഖലയിൽ റാബിഗ്, മദ്റക, ഹുദ അൽ ഷാം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 9 വരെയും റെഡ് അലർട്ട് ബാധകമാണ്.
ശക്തമായ കാറ്റ്, കാഴ്ചപരിധി ഗണ്യമായി കുറയൽ, ആലിപ്പഴവർഷം, ഇടിമിന്നൽ, മിന്നൽപ്രളയം എന്നിവയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
ജിസാൻ, അസീർ, അൽ ബാഹ, മക്ക, മദീന, ഹായിൽ, തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖലകളിലും ശക്തമായ മഴയ്ക്കും പ്രളയസാധ്യതയ്ക്കും മുന്നറിയിപ്പുണ്ട്. റിയാദ് മേഖലയുടെയും കിഴക്കൻ പ്രവിശ്യയുടെയും തെക്കൻ ഭാഗങ്ങളിലും നജ്റാനിലെ ചില പ്രദേശങ്ങളിലും നേരിയതുമുതൽ മിതമായതുവരെ മഴ ലഭിക്കാം. തബൂക്ക്, മദീന, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
താപനില: ദമ്മാമിൽ 41 ഡിഗ്രി സെൽഷ്യസും മക്കയിലും മദീനയിലും 40 ഡിഗ്രിയും വരെ താപനില ഉയരുമെന്നാണ് പ്രവചനം. ബുറൈദയിൽ 38 ഡിഗ്രിയും റിയാദിലും ജിദ്ദയിലും 37 ഡിഗ്രിയും രേഖപ്പെടുത്തിയേക്കും. അബ്ഹയിൽ 26 ഡിഗ്രിയും അൽ ബാഹയിൽ 25 ഡിഗ്രിയുമായിരിക്കും പ്രതീക്ഷിക്കുന്ന ഉയർന്ന താപനില.
