വാഷിങ്ടൺ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ആക്രമണം നിരപരാധികളായ സാധാരണക്കാരുടെ ജീവനോടുള്ള കടുത്ത അവഗണനയാണ് വ്യക്തമാക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യയ്ക്കും ജനങ്ങൾക്കും അമേരിക്കയുടെ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച റൂബിയോ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം ആക്രമണത്തിൽ നാല് സൗദി പൗരന്മാരും ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരും അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റതായും ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ വസ്തുവകകൾക്കും നാശനഷ്ടമുണ്ടായി.
അതേസമയം, റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമാണെന്ന് യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന ആരോപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും സഖ്യസേന മുന്നറിയിപ്പ് നൽകി.
