മക്ക: ഗ്രാൻഡ് മസ്ജിദിൽ ചാവേർ ആക്രമണശ്രമം നടന്നെന്ന പ്രചാരണം സൗദി അധികൃതർ നിഷേധിച്ചു. തീർഥാടകരെയും വഴിയാത്രക്കാരെയും ശല്യപ്പെടുത്തുകയും ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുകയും ചെയ്ത ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായാണ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചത്.
സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. അറസ്റ്റിലായ വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചാവേർ ആക്രമണ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പബ്ലിക് സെക്യൂരിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
