ദമ്മാം: കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തപാൽ പാഴ്സലിൽ ഒളിപ്പിച്ച 40,000 ആംഫെറ്റമിൻ ഗുളികകൾ സൗദി കസ്റ്റംസ് അധികൃതർ പിടികൂടി. ഗ്ലാസ് കപ്പുകൾ അടങ്ങിയ പാഴ്സലിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) വക്താവ് ഹമൂദ് അൽ ഹർബി പറഞ്ഞു. സുരക്ഷാ സാങ്കേതികവിദ്യകളും പരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.
തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി ഏകോപിച്ച് സൗദിയിൽ പാഴ്സൽ സ്വീകരിക്കാനിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.
രാജ്യത്തേക്ക് എത്തുന്ന ഇറക്കുമതി-കയറ്റുമതി ചരക്കുകളിൽ പരിശോധന ശക്തമാക്കിയതായും മയക്കുമരുന്ന് കടത്തും നിരോധിത വസ്തുക്കളുടെ കള്ളക്കടത്തും തടയുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും ZATCA അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ സുരക്ഷാ റിപ്പോർട്ടിങ് സംവിധാനങ്ങളിലൂടെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
