ന്യൂയോർക്ക്: സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കപ്പൽഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര സഹകരണവും ഏകോപനവും ശക്തിപ്പെടുത്തണമെന്ന് സൗദി അറേബ്യ.
യുഎൻ ജനറൽ അസംബ്ലിയുടെ 81-ാം സമ്മേളനത്തിന്റെ ഉന്നതതല വാരത്തിന്റെ ഭാഗമായി നടന്ന “സുരക്ഷിത സമുദ്ര മേഖലയ്ക്കായുള്ള സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിലുള്ള മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു.
സമുദ്രസുരക്ഷ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സമുദ്രപാതകളും വിവിധ സമുദ്ര മേഖലകളും നേരിടുന്ന വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിനുള്ള നടപടികളും യോഗത്തിൽ പരിഗണിച്ചു.
സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽഗതാഗതം, വിതരണ ശൃംഖലകളുടെ സുരക്ഷ, മേഖലാ-അന്താരാഷ്ട്ര സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് കൂടുതൽ സഹകരണം ആവശ്യമാണെന്ന് യോഗത്തിൽ വിലയിരുത്തി.
പോളിസി പ്ലാനിങ് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ പ്രിൻസ് ഡോ. അബ്ദുല്ല ബിൻ ഖാലിദ് ബിൻ സൗദ് അൽ-കബീറും യോഗത്തിൽ പങ്കെടുത്തു.
