ന്യൂയോർക്ക്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യുനുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിന്റെ ഉന്നതതല വാരത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു. സഹകരണ മേഖലകൾ വികസിപ്പിക്കുന്നതിനും പരസ്പര പിന്തുണ വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകളും വിലയിരുത്തി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
സൗദി വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്യയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
