റിയാദ്: അന്താരാഷ്ട്ര മാധ്യമങ്ങളുടെയും വ്യാജ പ്രചാരണ ഏജൻസികളുടെയും വ്യാജ വാർത്തകളെ തത്സമയം തുറന്നുകാട്ടി സൗദി ജനതയുടെ വർദ്ധിച്ചുവരുന്ന മാധ്യമ ജാഗ്രത (Media Awareness). യാൻബുവിൽ (Yanbu) സ്ഥിതി ചെയ്യുന്ന സൗദി അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഹൂതി ആക്രമണമുണ്ടായെന്ന രീതിയിൽ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നാണ് സൗദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വ്യാജ പ്രചാരണത്തെ പ്രതിരോധിച്ചത്. പ്രചരിച്ച ദൃശ്യങ്ങൾ വർഷങ്ങൾക്ക് മുൻപ് ദുബായിലെ ജബൽ അലി പോർട്ടിൽ ഉണ്ടായ തീപിടുത്തത്തിന്റേതാണെന്ന് നിമിഷങ്ങൾക്കകം സൗദി ഉപഭോക്താക്കൾ തെളിവുസഹിതം പൊരുത്തക്കേടുകൾ തുറന്നുകാട്ടുകയായിരുന്നു.
സൗദി ജനതയുടെ ശക്തമായ ഡിജിറ്റൽ ഇടപെടലിനെയും വസ്തുതകളെയും തുടർന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്സ്’ (Reuters) തങ്ങൾ നൽകിയ വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് ഫാക്ട്-ചെക്ക് (Fact-check) റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ നിർബന്ധിതരായി.
അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ആഗോള വാർത്താ ഏജൻസികളുടെയും, പ്രത്യേകിച്ച് അവരുടെ അറബിക് പതിപ്പുകളുടെയും വാർത്താ ഉറവിടങ്ങളിലെയും പ്രാദേശിക റിപ്പോർട്ടർമാരുടെയും വിശ്വാസ്യത തകരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് മാധ്യമ നിരീക്ഷകർ ഇതിനെ കാണുന്നത്. ഒരു വാർത്താ ഏജൻസി നൽകുന്ന വിവരങ്ങൾ അതേപടി വിഴുങ്ങുന്ന വിവരമില്ലാത്ത പ്രേക്ഷകരല്ല തങ്ങളെന്നും, രാജ്യത്തിനെതിരായ വ്യാജ പ്രചാരണങ്ങളെ വസ്തുതകൾ കൊണ്ട് വിചാരണ ചെയ്യാൻ സൗദി ജനത പ്രാപ്തരാണെന്നും ഈ സംഭവം തെളിയിക്കുന്നു.
