ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). വെള്ളിയാഴ്ച വരെ വിവിധ തീവ്രതയിലുള്ള മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
മണിക്കൂറിൽ 10 മുതൽ 50 മില്ലിമീറ്ററോ അതിലധികമോ മഴയാണ് കനത്ത മഴയായി കണക്കാക്കുന്നത്. മണിക്കൂറിൽ 60 കിലോമീറ്ററോ അതിലധികമോ വേഗതയിലുള്ള ശക്തമായ കാറ്റ്, കാഴ്ചപരിധി ഗണ്യമായി കുറയുക, ആലിപ്പഴവർഷം, മിന്നൽ പ്രളയം, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ എന്നിവയ്ക്കും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ചുഴലിക്കാറ്റിനും ജലചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നും NCM അറിയിച്ചു.
മണിക്കൂറിൽ 5 മുതൽ 9 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴ മിതമായ മഴയായും 1 മുതൽ 4 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴ നേരിയ മഴയായും കണക്കാക്കുന്നു. മിതമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്ററോ അതിലധികമോ വേഗതയിലുള്ള ശക്തമായ കാറ്റ്, കാഴ്ചപരിധി കുറയുക, ആലിപ്പഴവർഷം, മിന്നൽ പ്രളയം എന്നിവയ്ക്കും സാധ്യതയുണ്ട്.
ജിസാൻ, അസീർ, അൽബാഹ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ മിതമായത് മുതൽ കനത്ത മഴ വരെ പ്രതീക്ഷിക്കുന്നു.
ജിസാൻ മേഖലയിൽ അൽറൈത്ത്, ഹറൂബ്, അൽദായർ, അൽഈദാബി, ഫൈഫ, അൽഅരീദ, അൽഹർത്ത്, അൽതുവാൽ, അൽദർബ്, ബൈഷ്, സബ്യ, ദമദ്, അബൂ അരീഷ്, അഹദ് അൽമസാരിഹ, സംത എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
അസീർ മേഖലയിൽ അബ്ഹ, ഖമീസ് മുഷൈത്ത്, അഹദ് റഫീദ, സറാത്ത് അബീദ, അൽഹർജ, ദഹ്റാൻ അൽജനൂബ്, അൽഫർഷ, അൽനമാസ്, തനൂമ, റിജാൽ അൽമഅ, ബാരിഖ്, മഹായിൽ അസീർ, അൽമജാർദ, ബൽഖർൻ എന്നിവിടങ്ങളിലും മിതമായത് മുതൽ കനത്ത മഴ വരെ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചയും ഞായറാഴ്ചയും മഴ ശക്തമാകാൻ സാധ്യതയുണ്ട്.
അൽബാഹ മേഖലയിൽ അൽബാഹ, ബൽജുറശി, അൽമന്ദഖ്, ഖിൽവ, ബനി ഹസൻ, അൽഖറ, അൽഅഖീഖ്, അൽഹജറ, ഗാമിദ് അൽസിനാദ് എന്നിവിടങ്ങളിൽ മിതമായത് മുതൽ കനത്ത മഴ വരെയും പ്രതീക്ഷിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
മക്ക മേഖലയിൽ തായിഫ്, മൈസാൻ, അദം, അൽഅർദിയാത്ത് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും അൽകാമിൽ, ബഹ്റ, അൽജുമൂം, ഖുലൈസ് എന്നിവിടങ്ങളിൽ മിതമായത് മുതൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ ശക്തമാകുമെന്നും NCM അറിയിച്ചു.
മദീന മേഖലയിൽ മദീന, അൽഉല, ഖൈബർ എന്നിവിടങ്ങളിലും നജ്റാൻ മേഖലയിൽ നജ്റാൻ, ബദർ അൽജനൂബ്, യദാമ, തർ, ഹുബൂന, ഖുബാഷ് എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകളും ഏറ്റവും പുതിയ വിവരങ്ങളും ഔദ്യോഗിക ചാനലുകളിലൂടെ പിന്തുടരണമെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
