ദുബാ: ദുബാ തുറമുഖം വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 56,680 അംഫെറ്റമിൻ (കപ്റ്റഗൺ) ലഹരി ഗുളികകൾ കസ്റ്റംസ് വിഭാഗം പിടികൂടി. തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിച്ച ഒരു ചരക്ക് ട്രക്കിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തതെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു.
കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായി സുരക്ഷാ സാങ്കേതിക വിദ്യകളും സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ട്രക്കിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് അതോറിറ്റി വക്താവ് ഹമൂദ് അൽ-ഹർബി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോളുമായും ചേർന്നുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും 1910 എന്ന സുരക്ഷാ നമ്പറിലോ ഇമെയിൽ വഴിയോ വിവരങ്ങൾ അറിയിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
