റിയാദ്: സാധ്യതയുള്ള അപകടഭീഷണി സംബന്ധിച്ച് നേരത്തെ നൽകിയ മുന്നറിയിപ്പിന് പിന്നാലെ റിയാദിലും അൽ ഖർജിലും അപകടസാധ്യത ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
പൗരന്മാരും താമസക്കാരും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും തുടർന്നും പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
നേരത്തെ, നാഷണൽ ഏർലി വാണിങ് പ്ലാറ്റ്ഫോം വഴി റിയാദിലും അൽ ഖർജിലും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. സാധ്യതയുള്ള ഭീഷണി കണക്കിലെടുത്ത് പൊതുജനങ്ങളോട് ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിരുന്നു.
മുന്നറിയിപ്പ് നിലനിന്നിരുന്ന സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിന്നും ഗ്ലാസ് ജനലുകളിൽ നിന്നും അകന്നുനിൽക്കാനും ബാൽക്കണികളിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും നിൽക്കുന്നത് ഒഴിവാക്കാനും നിർദേശിച്ചിരുന്നു.
കെട്ടിടങ്ങൾക്ക് പുറത്തുള്ളവർ ഏറ്റവും അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയോ ഉറപ്പുള്ള സംരക്ഷണഭിത്തിക്ക് പിന്നിൽ അഭയം തേടുകയോ ചെയ്യണമെന്നും നിർദേശിച്ചിരുന്നു. അപകടസാധ്യത അവസാനിച്ചതായി അറിയിപ്പ് ലഭിക്കുന്നതുവരെ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പോകാതിരിക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
