റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ ഹോസ്പിറ്റാലിറ്റി യൂണിറ്റുകളുടെ (Private Hospitality Units / റഫറൻസ് അപാര്ട്മെന്റുകൾ) പ്രവർത്തനം ക്രമീകരിക്കുന്നതിനായി മുൻ നിയമാവലിക്ക് പകരം പുതിയ റഗുലേഷൻ നിലവിൽ വരുത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. നിലവിലുള്ള പെർമിറ്റുകൾ ലൈസൻസുകളാക്കി മാറ്റുക, പ്രവർത്തന മാനദണ്ഡങ്ങൾ പുതുക്കുക, വിനോദസഞ്ചാരികളുടെ അവകാശങ്ങളും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുക എന്നിവയാണ് പുതിയ നിയമാവലിയുടെ പ്രധാന ലക്ഷ്യങ്ങൾ. നിലവിലെ പെർമിറ്റ് ഉടമകൾക്ക് അധിക ഫീസില്ലാതെ 90 ദിവസത്തിനകം പുതിയ വ്യവസ്ഥകളിലേക്ക് മാറാൻ അവസരമുണ്ട്. ഒരു ഉടമയ്ക്ക് ഒരു പങ്കാളിത്ത കെട്ടിടത്തിൽ പരമാവധി 3 ലൈസൻസുകൾ മാത്രമേ അനുവദിക്കൂ. ലൈസൻസ് കാലാവധി ഒരു വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു സഞ്ചാരിക്ക് പരമാവധി തുടർച്ചയായി 29 ദിവസവും ലൈസൻസ് കാലാവധിയിൽ ആകെ 90 ദിവസവും താമസിക്കാം.
വാഗ്ദാനം ചെയ്ത സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ ഉപഭോക്താക്കൾക്ക് ശക്തമായ നഷ്ടപരിഹാര ഉറപ്പുകൾ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ചെക്ക്-ഇൻ സമയം 2 മണിക്കൂറിലധികം വൈകിയാൽ, അടച്ച തുക പൂർണ്ണമായി റീഫണ്ട് നൽകാനോ അല്ലെങ്കിൽ സൗജന്യ യാത്രയോടെ അതേ നിലവാരമുള്ള മറ്റ് റൂമുകൾ നൽകാനോ ലൈസൻസ് ഉടമ ബാധ്യസ്ഥനാണ്. അറ്റകുറ്റപ്പണികളോ സേവന തടസ്സങ്ങളോ മൂലം താമസം മുടങ്ങിയാലും സമാനമായ ആനുകൂല്യം ലഭിക്കും. കൂടാതെ, വിനോദസഞ്ചാരികളുടെ തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ അനാവശ്യമായി സൂക്ഷിക്കുന്നതും വിവരങ്ങൾ ചോർത്തുന്നതും നിരോധിച്ചു. അതിഥിയുടെ അനുമതിയില്ലാതെ മുറികൾ തുറക്കാനോ പുറത്താക്കാനോ പാടില്ല. ടൂറിസം രംഗത്ത് സുതാര്യത ഉറപ്പാക്കാനും വ്യാജ പരസ്യങ്ങൾ വഴി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയാനും പുതിയ നിയമം സഹായിക്കുമെന്ന് യാത്രാ വിദഗ്ദ്ധൻ അഹമ്മദ് അൽ സഹ്റാനി അഭിപ്രായപ്പെട്ടു.
