ന്യൂയോർക്ക്: ഡിജിറ്റൽ പരിവർത്തനവും സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കലും സംബന്ധിച്ച് സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽസ്വാഹ, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ജനറൽ ലി ജുൻഹുവയുമായി കൂടിക്കാഴ്ച നടത്തി.
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ യുഎന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽവാസിലും പങ്കെടുത്തു.
സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കുന്നതിൽ സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിനുള്ള പങ്ക് ഇരുവരും ചർച്ച ചെയ്തു. ഡിജിറ്റൽ ഗവൺമെന്റ് മേഖലയിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
വികസ്വര രാജ്യങ്ങളിൽ ഡിജിറ്റൽ ശേഷി വികസിപ്പിക്കുന്നതിനും രാജ്യങ്ങൾ തമ്മിൽ അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും കൈമാറുന്നതിനുമുള്ള സഹകരണവും ചർച്ചയായി. കൂടുതൽ ഉൾക്കൊള്ളുന്നതും നവീനവുമായ ഡിജിറ്റൽ സർക്കാർ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഇത്തരം സഹകരണം സഹായിക്കുമെന്ന് വിലയിരുത്തി.
പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ യുഗത്തിന്റെ അവസരങ്ങൾ സമൂഹങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിൽ സൗദി അറേബ്യയുടെ സജീവ ഇടപെടലാണ് കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു.
