തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ സൗദി ഷിപ്പിംഗ് കമ്പനിയായ ബഹ്രിയുടെ SIDR കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. ഫിലിപ്പീൻസ് സ്വദേശികളായ രണ്ട് നാവികരാണ് മരിച്ചത്. അപകടത്തെക്കുറിച്ച് ബഹ്രി സ്ഥിരീകരിച്ചു.
അതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
കടലിടുക്ക് കടക്കുന്നതിനിടെ എണ്ണ ടാങ്കർ ബർഗൻ ആക്രമിക്കപ്പെട്ടതായി ബഹ്റൈൻ ആസ്ഥാനമായ ജോയിന്റ് മാരിറ്റൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ കപ്പൽ ജസീറത്ത് ഉമ്മുൽഗനമിന് വടക്കുപടിഞ്ഞാറായി ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടു.
മറ്റൊരു സംഭവത്തിൽ, ഒമാനിലെ ഖസബിന് കിഴക്ക് 17 നോട്ടിക്കൽ മൈൽ അകലെ ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് സഞ്ചരിക്കുകയായിരുന്ന ടാങ്കറിന് നേരെ മൂന്ന് അജ്ഞാത പ്രൊജക്ടൈലുകൾ പതിച്ചതായി യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.
രണ്ടാമത്തെ സംഭവത്തിൽ മരണങ്ങളോ പരിസ്ഥിതി നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.
ഇതിനിടെ, കപ്പലുകൾക്ക് ആസന്നമായ ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി ലാറക് ദ്വീപിലെ ഇറാന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ യു.എസ്. സൈന്യം ദിവസങ്ങൾക്ക് മുമ്പ് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
