റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ 14,434 അനധികൃത താമസക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഓഗസ്റ്റ് 20 മുതൽ 26 വരെ നടത്തിയ സംയുക്ത പരിശോധനകളിലാണ് അറസ്റ്റ്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അറസ്റ്റിലായവരിൽ 6,976 പേർ താമസനിയമം, 4,110 പേർ അതിർത്തി സുരക്ഷാ നിയമം, 3,348 പേർ തൊഴിൽ നിയമം എന്നിവ ലംഘിച്ചവരാണ്.
രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,450 പേരെയും സുരക്ഷാ സേന പിടികൂടി. ഇവരിൽ 41 ശതമാനം യെമൻ പൗരന്മാരും 58 ശതമാനം എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. സൗദിയിൽ നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 44 പേരെയും അറസ്റ്റ് ചെയ്തു.
ഇതിനിടെ 14,905 അനധികൃത താമസക്കാരെ നാടുകടത്തി. യാത്രാ രേഖകൾ ലഭ്യമാക്കുന്നതിനായി 18,914 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര ദൗത്യങ്ങൾക്ക് കൈമാറി. യാത്രാ ബുക്കിങ് നടപടികൾ പൂർത്തിയാക്കുന്നതിനായി 2,867 പേരെയും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
നിയമലംഘകർക്ക് ഗതാഗതം, താമസം, ജോലി എന്നിവ നൽകുന്നതിൽ ഏർപ്പെട്ട 27 പേരെയും അറസ്റ്റ് ചെയ്തു. നിലവിൽ 29,938 പ്രവാസികൾ നിയമനടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികളിലാണ്. ഇതിൽ 27,957 പുരുഷന്മാരും 1,981 സ്ത്രീകളുമാണ്.
അനധികൃതമായി ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയോ രാജ്യത്തിനുള്ളിൽ കടത്തിക്കൊണ്ടുപോകുകയോ താമസസൗകര്യമോ മറ്റ് സഹായങ്ങളോ സേവനങ്ങളോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും താമസത്തിനായി ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
