റിയാദ്: സൗദി അറേബ്യയിൽ 40 ദശലക്ഷം റിയാലിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ജൂലൈ മാസത്തെ വാറ്റ് (VAT) റിട്ടേൺ ഓഗസ്റ്റ് 31നകം സമർപ്പിക്കണമെന്ന് സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ വാറ്റ് റിട്ടേണും അടക്കേണ്ട നികുതി തുകയും സമർപ്പിക്കണമെന്ന് അതോറിറ്റി സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ZATCAയുടെ വിവിധ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയും സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചും റിട്ടേൺ സമർപ്പിക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് അടക്കേണ്ട നികുതി തുകയുടെ അഞ്ച് ശതമാനം മുതൽ പരമാവധി 25 ശതമാനം വരെ പിഴ ചുമത്തും.
വാറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 19993 എന്ന ഏകീകൃത നമ്പറിൽ ബന്ധപ്പെടാം. എക്സ് പ്ലാറ്റ്ഫോമിലെ “Ask Zakat” സേവനം, ZATCA വെബ്സൈറ്റിലെ ലൈവ് ചാറ്റ് സംവിധാനം എന്നിവ വഴിയും സ്ഥാപനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ തേടാവുന്നതാണ്.
