റിയാദ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ സൗദി വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനായി പുതിയ തഷീർ സെന്റർ ആരംഭിച്ചതായി സിറിയയിലെ സൗദി അറേബ്യൻ എംബസി അറിയിച്ചു.
എല്ലാ വിഭാഗങ്ങളിലുമുള്ള വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനൊപ്പം കാർഗോ, യാത്രാ ഗതാഗതവുമായി ബന്ധപ്പെട്ട സേവനങ്ങളും കേന്ദ്രത്തിലൂടെ ലഭ്യമാകും.
സൗദി അറേബ്യയും സിറിയയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ നടത്തുന്ന സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് തഷീർ സെന്റർ ആരംഭിച്ചതെന്ന് എംബസി വ്യക്തമാക്കി.
സിറിയൻ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും രാജ്യം നേരിടുന്ന പ്രധാന സാമ്പത്തിക വെല്ലുവിളികളെ മറികടക്കാനുള്ള സിറിയൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള സൗദി അറേബ്യയുടെ തുടർച്ചയായ നടപടികളുടെ ഭാഗം കൂടിയാണിതെന്ന് എംബസി അറിയിച്ചു.
