ന്യൂയോർക്ക്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി)–ആസിയാൻ സംയുക്ത മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിന്റെ ഉന്നതതല വാരത്തോടനുബന്ധിച്ചായിരുന്നു യോഗം. ജിസിസി–ആസിയാൻ പങ്കാളിത്തവും കഴിഞ്ഞ വർഷങ്ങളിലെ ബന്ധങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.
നിലവിലുള്ള സഹകരണം പ്രായോഗിക പദ്ധതികളിലേക്കും സംയുക്ത സംരംഭങ്ങളിലേക്കും മാറ്റി പൊതുതാൽപര്യങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ തുടർന്നും ഏകോപനവും കൂടിയാലോചനയും ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ ബഹുമുഖ രാജ്യാന്തര കാര്യങ്ങളുടെ അണ്ടർസെക്രട്ടറിയും മന്ത്രാലയത്തിന്റെ സാമ്പത്തിക-വികസനകാര്യ ഏജൻസിയുടെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം അൽറൈസിയും യോഗത്തിൽ പങ്കെടുത്തു.
