റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അമീർ, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ എന്നിവർ വെള്ളിയാഴ്ച ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാറിന്’ അന്താരാഷ്ട്രതലത്തിലും അറബ് ലോകത്തും വൻ സ്വീകാര്യത.
ഇസ്ലാമിക വിശ്വാസവും സാഹോദര്യവും സമാധാനത്തിനായുള്ള പ്രതിജ്ഞാബദ്ധതയും പരസ്പരം പങ്കുവെക്കുന്ന മൂന്ന് രാജ്യങ്ങളുടെ ഐക്യദാർഢ്യമാണ് ഈ കരാറെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു. വരുംതലമുറകൾക്ക് സമാധാനത്തിനുള്ള കവചമായി ഈ കരാർ മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചരിത്രപരമായ നീക്കമെന്ന് വിശേഷിപ്പിച്ച പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഇത് മുതൽക്കൂട്ടാകുമെന്ന് വ്യക്തമാക്കി.
ബഹ്റൈനും കരാറിനെ പൂർണ്ണമായി സ്വാഗതം ചെയ്തു. ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) സംയുക്ത പ്രതിരോധ സംവിധാനത്തിന് ഈ കരാർ കൂടുതൽ കരുത്തുപകരുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷ ബഹ്റൈന്റെയും സുരക്ഷയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, മേഖലയിലെ സുസ്ഥിരതയ്ക്കുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ അറിയിച്ചു.
മക്ക കരാറിനെ പ്രശംസിച്ച് ഫലസ്തീൻ ഭരണകൂടവും രംഗത്തെത്തി. ഇസ്ലാമിക ലോകത്തിന്റെ പ്രതിരോധ ശേഷിയും ഐക്യദാർഢ്യവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ഫലസ്തീൻ പ്രസിഡൻസി വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനും ഈ പങ്കാളിത്തം കരുത്താകുമെന്ന് അവർ പ്രത്യാശിച്ചു.
സൗദി, തുർക്കി, പാകിസ്താൻ ഉച്ചകോടിയെയും സംയുക്ത പ്രസ്താവനയെയും മുസ്ലിം വേൾഡ് ലീഗും (MWL) സ്വാഗതം ചെയ്തു.
