വാഷിംഗ്ടൺ: സൗദി അറേബ്യയുടെ സമാധാനപരമായ ആണവോർജ്ജ പദ്ധതിക്കായി യുറേനിയം സമ്പുഷ്ടീകരണ ശേഷി ലഭ്യമാക്കാൻ വഴിയൊരുക്കുന്ന കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി റിപ്പോർട്ട്.
ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ തീരുമാനത്തെക്കുറിച്ച് ബുധനാഴ്ച പരസ്യപ്രഖ്യാപനമുണ്ടാകുമെന്ന് വിഷയവുമായി ബന്ധപ്പെട്ട വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
30 വർഷത്തെ കാലാവധിയുള്ള ഈ കരാറിൽ സൗദിയുടെ ആണവ പദ്ധതി വികസിപ്പിക്കുന്നതിനായി യുഎസ് കമ്പനികളുടെ പങ്കാളിത്തവും ഉൾപ്പെടും. ഇരുരാജ്യങ്ങളുടെയും സംയുക്ത പഠനത്തിന് ശേഷം സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിക്കാനും കരാർ അനുമതി നൽകിയേക്കും. തുടർ നടപടികളുടെ ഭാഗമായി കരാർ യുഎസ് കോൺഗ്രസിന്റെ അവലോകനത്തിന് സമർപ്പിക്കും.
ദി വാൾ സ്ട്രീറ്റ് ജേണലാണ് (The Wall Street Journal) ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. ഈ കരാർ യുഎസ് ആണവ മേഖലയ്ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ കമ്പനികൾക്ക് സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിക്കാൻ അവസരമൊരുക്കുന്ന വ്യവസ്ഥയും കരാറിലുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നു.
ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിലെ (IAEA) അംഗരാജ്യമാണ് സൗദി അറേബ്യ. അമേരിക്കൻ സാങ്കേതികവിദ്യ സൗദിയുമായി പങ്കിടുന്നതിനായി ട്രംപും മുൻ പ്രസിഡന്റ് ജോ ബൈഡനും ശ്രമങ്ങൾ നടത്തിയിരുന്നു. ട്രംപിന്റെ സൗദി സന്ദർശനത്തിന് മുന്നോടിയായി കഴിഞ്ഞ വർഷം യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് സൗദി സന്ദർശിക്കുകയും വാണിജ്യ ആണവോർജ്ജ വ്യവസായം വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു.
