ജിദ്ദ: തീർഥാടകർക്ക് ആശ്വാസമായി, ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ സൗദി അറേബ്യ അനുവദിച്ചു തുടങ്ങി. ജൂലൈ 19 മുതലാണ് പുതിയ വിസകൾ നൽകിത്തുടങ്ങിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ വിസ സംവിധാനം നിലവിൽ വന്നതോടെ വർഷത്തിൽ പലതവണ ഉംറ നിർവഹിക്കാൻ തീർഥാടകർക്ക് അവസരമൊരുങ്ങും. വിഷൻ 2030-ന്റെയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തീർഥാടകരുടെ വരവ് സുഗമമാക്കുക എന്നതാണ് പുതിയ വിസയിലൂടെ സൗദി ലക്ഷ്യമിടുന്നത്.
പ്രധാന നിബന്ധനകളും
സവിശേഷതകളും:
താമസ പരിധി: ഉംറ വിസയുടെ കാലാവധി നേരത്തെയുണ്ടായിരുന്ന 30 ദിവസത്തിൽ നിന്ന് 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. പുതിയ മൾട്ടിപ്പിൾ എൻട്രി വിസയിൽ ഒരു വർഷത്തിനിടെ പരമാവധി 90 ദിവസം വരെയാണ് രാജ്യത്ത് തങ്ങാൻ അനുമതിയുള്ളത്. ഓരോ തവണയും ചെലവഴിക്കുന്ന ദിവസങ്ങൾ ഈ 90 ദിവസത്തിൽ നിന്ന് കുറവ് ചെയ്യും.
ബുക്കിംഗ് നിർബന്ധം: വിസ ഉടമകൾ ഉംറ സർവീസ് പാക്കേജും വിമാന ടിക്കറ്റും നിർബന്ധമായും എടുത്തിരിക്കണം. കൂടാതെ, ഉംറ നിർവഹിക്കുന്നതിനായി ‘നുസുക്’ (Nusuk) പ്ലാറ്റ്ഫോം വഴി ബുക്കിംഗ് സ്ഥിരീകരിക്കുകയും വേണം. തുടർന്നുള്ള സന്ദർശനങ്ങളിലും ഈ നടപടിക്രമങ്ങൾ ആവർത്തിക്കേണ്ടതുണ്ട്.
യാത്രാ സ്വാതന്ത്ര്യം:
ഉംറ വിസയിലുള്ളവർക്ക് രാജ്യത്തെ ഏത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ വഴിയും സൗദിയിൽ പ്രവേശിക്കാം. വിസാ കാലാവധിയിൽ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്.
ഹജ്ജ് സീസൺ നിയന്ത്രണം:
ദുൽഖിഅ്ദ ഒന്നിനും ദുൽഹജ് 13 നും ഇടയിലുള്ള സമയങ്ങളിൽ ഈ വിസ ഉപയോഗിച്ച് രാജ്യത്ത് തങ്ങാൻ പാടില്ല എന്ന സമയപരിധി കർശനമായി പാലിക്കേണ്ടതുണ്ട്.
മറ്റ് വിസക്കാർക്കും അവസരം: ഉംറ വിസയ്ക്ക് പുറമെ വിസിറ്റ് വിസ, ട്രാൻസിറ്റ് വിസ തുടങ്ങി ഏത് വിസയിൽ എത്തുന്നവർക്കും നുസുക് ആപ്പ് വഴി പെർമിറ്റ് എടുത്ത് ഉംറ നിർവഹിക്കാവുന്നതാണ്.
