ജിദ്ദ – മേഖലാ സുരക്ഷക്കും ഹോർമുസിൽ കപ്പൽ ഗതാഗത സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്ന എല്ലാ നടപടികളും ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഇറാനോട് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ സൗദി എണ്ണ ടാങ്കർ വിദിയാനും ഖത്തർ ഗ്യാസ് ടാങ്കർ അൽറുകയ്യാത്തിനും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. ഈ നിന്ദ്യമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നാവിഗേഷന്റെ സുരക്ഷക്കും ആഗോള ഊർജ വിതരണ സുരക്ഷക്കും നേരെയുള്ള ആക്രമണമാണ്. ഇത്തരം ആക്രമണങ്ങൾ അസ്വീകാര്യമാണ്. ഇറാൻ തുടർച്ചയായി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും, നാവിഗേഷൻ സ്വാതന്ത്ര്യവും ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കടന്നുപോകലും ഉറപ്പുനൽകുന്ന യു.എൻ രക്ഷാ സമിതി 2817-ാം നമ്പർ പ്രമേയത്തിൻ്റെയും ഗുരുതരമായ ലംഘനമാണ്. മേഖലയുടെ സുരക്ഷക്കും അന്താരാഷ്ട്ര നാവിഗേഷന്റെയും ഊർജ വിതരണത്തിൻ്റെയും സുരക്ഷക്കും ഭീഷണിയായ എല്ലാ നടപടികളും ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യം സൗദി അറേബ്യ ആവർത്തിക്കുന്നു. ഈ ആക്രമണങ്ങളുടെയും അവയിലുണ്ടായ നാശനഷ്ടങ്ങളുടെയും അവയുടെ എല്ലാ പ്രത്യാഘാതങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്നും സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ സൗദി ടാങ്കർ വിദിയാനും ഖത്തർ ഗ്യാസ് ടാങ്കർ അൽറുകയ്യാത്തും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ശക്തമായി അപലപിച്ചു. ഇത് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണ്. പ്രാദേശിക, അന്തർദേശീയ സമാധാനവും സുരക്ഷയും സംരക്ഷിക്കാനും മേഖലയുടെ സ്ഥിരതക്ക് ഭീഷണിയായ ഇത്തരം ശത്രുതാപരമായ പ്രവൃത്തികൾ ആവർത്തിക്കുന്നത് തടയാനും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ആവർത്തിച്ചുള്ള ഇറാൻ ആക്രമണങ്ങൾക്കെതിരെ ഉറച്ചതും പ്രതിരോധാത്മകവുമായ നിലപാട് സ്വീകരിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്തു. സൗദി അറേബ്യയോടും ഖത്തറിനോടുമുള്ള ജി.സി.സി രാജ്യങ്ങളുടെ പൂർണ്ണ ഐക്യദാർഢ്യവും, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും സെക്രട്ടറി ജനറൽ വ്യക്തമാക്കി.

By GULF MALAYALAM NEWS

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a Reply

Your email address will not be published. Required fields are marked *

You missed

error: Content is protected !!