ജിദ്ദ – ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ചകൾ വരുത്തിയതിന് 100 സ്വകാര്യ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ഈ വർഷം ആദ്യ പാദത്തിൽ പിഴ ചുമത്തിയതായി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. ഇവർക്ക് ആകെ 40 ലക്ഷത്തോളം റിയാലാണ് പിഴ ചുമത്തിയത്. നിയമ ലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് പദവികൾ ശരിയാക്കാൻ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു. ഇതിനകം തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് പിഴകൾ ചുമത്തിയത്.
ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനും പ്രീമിയങ്ങൾ പൂർണ്ണമായി അടക്കാനും തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് വ്യവസ്ഥ ചെയ്യുന്ന സഹകരണ ആരോഗ്യ ഇൻഷുറൻസ് നിയമത്തിലെ ആർട്ടിക്കിൾ 41 അടിസ്ഥാനമാക്കിയാണ് പിഴ. പിഴക്കു പുറമെ നിയമ ലംഘനത്തിന്റെ തീവ്രതയനുസരിച്ച് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്കും സ്ഥിരം വിലക്കും പോലുള്ള കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ ഇൻഷുറൻസിൻ്റെ എല്ലാ ഗുണഭോക്താക്കൾക്കും തടസ്സമില്ലാത്ത കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് ശ്രമങ്ങൾ തുടരുന്നതായി കൗൺസിൽ വക്താവ് ഈമാൻ അൽതുറൈഫി വ്യക്തമാക്കി. ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് കൗൺസിലിന്റെ ശ്രമം. ഇതോടൊപ്പം നിയമപാലനം ഉറപ്പാക്കുകയും നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയും നിയമം പാലിക്കാത്ത കക്ഷികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
നിയമത്തിന്റെ ആവശ്യകതകൾ കാര്യക്ഷമമായി പ്രയോഗിച്ചുകൊണ്ട് തൊഴിലുടമകളെ അവരുടെ ശേഷികൾ വികസിപ്പിക്കാനും ഇത് സഹായിക്കും കൗൺസിൽ നടത്തുന്ന ശ്രമങ്ങൾ ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുന്നതായും ഈമാൻ അൽതുറൈഫി പറഞ്ഞു
















Leave a Reply