GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹജ്ജ് അപേക്ഷകളിൽ കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്

അബുദാബി: ഹജ്ജ് അപേക്ഷകളിൽ കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്.


കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതാണ് കരിപ്പൂരിന് തിരിച്ചടിയായതെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗവും നീലേശ്വരം മുനിസിപ്പൽ വൈസ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി അബുദാബിയിൽ പറഞ്ഞു.


കരിപ്പൂരിന്റെ പരിസരത്തുള്ളവർ പോലും മറ്റു വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകേണ്ടി വരുന്നത് ഖേദകരമാണ്. വിമാനനിരക്കിലെ ഈ വിവേചനം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോഴിക്കോട് വഴി ഹജ്ജിന് അപേക്ഷിക്കുന്നവരുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്ന് 40,000 രൂപ അധികം ഈടാക്കുന്നതാണ് ഇതിന് പ്രധാന കാരണം.

2024-ൽ 10,515 പേരാണ് കരിപ്പൂർ വഴി യാത്ര ചെയ്യാൻ ആഗ്രഹിച്ചത്. 2025-ൽ ഈ എണ്ണം 5,339 ആയി കുറഞ്ഞു. 2026-ലെ ഹജ്ജിന് അപേക്ഷിച്ചവരിൽ 1,802 പേർ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തത്.

ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 8,530 പേരിൽ വെറും 632 പേർ മാത്രമാണ് കരിപ്പൂർ വഴി പോകാൻ തയ്യാറായത്.

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകിയും കൂടുതൽ വിമാനക്കമ്പനികളെ ടെൻഡറിൽ പങ്കെടുപ്പിച്ചും ഈ പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം കേരളത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 8,530 പേരെയാണ് ഹജ്ജിനായി തിരഞ്ഞെടുത്തത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ നിന്നാണ് (2,643). കോഴിക്കോട് ജില്ലയിൽ നിന്ന് 1,340 പേർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും കുറവ് അപേക്ഷകർ പത്തനംതിട്ടയിൽ നിന്നാണ് (38). 65 വയസ്സിനു മുകളിലുള്ള അപേക്ഷകരെല്ലാം തിരഞ്ഞെടുക്കപ്പെട്ടു.

പുരുഷതുണയില്ലാത്ത (മഹ്‌റം) വിഭാഗത്തിൽ 45-65 വയസ്സുള്ള 3,620 അപേക്ഷകരിൽ നിന്ന് 3,562 പേർക്ക് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചു. ശേഷിക്കുന്ന 58 പേരെ കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുത്തി അടുത്ത ഘട്ടത്തിൽ പരിഗണിക്കും.

വിദേശത്ത് ജോലി ചെയ്യുന്നവർക്കും പ്രായമായവർക്കും വേണ്ടി 20 ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് കൊച്ചി വിമാനത്താവളം വഴി മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!