GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സ്വകാര്യ മേഖലയിൽ തൊഴിൽ പരിക്കുകൾ 8.2 ശതമാനം കുറഞ്ഞു

ജിദ്ദ:സ്വകാര്യ മേഖലയിൽ തൊഴിൽ പരിക്കുകൾ 8.2 ശതമാനം തോതിൽ കുറഞ്ഞതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്ക്. ഈ വർഷം ആദ്യ പാദത്തിൽ 6,675 പേർക്കാണ് തൊഴിൽ പരിക്കുകൾ സംഭവിച്ചത്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ 7,277 പേർക്ക് തൊഴിൽ പരിക്കുകൾ നേരിട്ടിരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടക്കം ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന ശ്രമങ്ങളുടെയും ജീവനക്കാരുടെ തൊഴിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നതിന്റെയും ഫലമായാണ് തൊഴിൽ പരിക്കുകൾ കുറഞ്ഞത്.
ഒരു വർഷത്തിനിടെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ എണ്ണം 11 ശതമാനം തോതിൽ വർധിച്ചു. തൊഴിൽ, ആരോഗ്യ സുരക്ഷയെ കുറിച്ച് ബോധവൽക്കരിക്കാൻ മൂന്നു മാസത്തിനിടെ ഗോസി സംഘങ്ങൾ 1,600 ലേറെ സ്ഥാപനങ്ങളിൽ സന്ദർശനങ്ങൾ നടത്തി. തൊഴിൽ, ആരോഗ്യ സുരക്ഷാ മേഖലയിൽ 35 ഇന്ററാക്ടീവ് മീറ്റിംഗുകളും മൂന്നു മാസത്തിനിടെ സംഘടിപ്പിച്ചു. ഇവയുടെ പ്രയോജനം 3,000 ലേറെ തൊഴിലാളികൾക്ക് ലഭിച്ചു. തൊഴിൽ പരിസ്ഥിതിയിൽ സുരക്ഷാ നിലവാരം മെച്ചപ്പെടുത്താൻ 7,000 ലേറെ സ്ഥാപനങ്ങൾ പിന്തുണകൾ നൽകി.
തൊഴിൽ അപകടങ്ങൾക്കെതിരെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ഗോസി നിർബന്ധിത ഇൻഷുറൻസ് നടപ്പാക്കുന്നുണ്ട്. തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയിൽ അടക്കേണ്ടത്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം തൊഴിൽ അപകട ഇൻഷുറൻസ് വിഹിതം ഗോസിയിൽ അടക്കൽ നിർബന്ധമാണ്.
തൊഴിൽ അപകടങ്ങളിൽ പെടുന്നവർക്ക് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് സമഗ്ര വൈദ്യപരിചരണം ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടില്ല. തൊഴിൽ പരിക്കുകളെ കുറിച്ച് ഏഴു ദിവസത്തിനകം തൊഴിലാളിയോ പകരക്കാരനോ തൊഴിലുടമയെ അറിയിക്കൽ നിർബന്ധമാണ്. പ്രാഥമിക ശുശ്രൂഷകൾ കൊണ്ട് ഭേദമാകാത്ത പരിക്കുകളെ കുറിച്ച് തൊഴിലുടമകൾ തങ്ങൾക്ക് വിവരം ലഭിച്ച് മൂന്നു ദിവസത്തിനകം ഗോസി ഓഫീസിനെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴിൽ സ്ഥലത്തുണ്ടാകുന്ന അപകടങ്ങളിലും തൊഴിൽ മൂലമുണ്ടാകുന്ന അപകടങ്ങളിലും സംഭവിക്കുന്ന പരിക്കുകൾ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. താമസസ്ഥലത്തു നിന്ന് തൊഴിൽ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കു പരിക്കുകളും തൊഴിൽ പരിക്കുകളായി കണക്കാക്കപ്പെടും. തൊഴിൽ സ്വഭാവം മൂലമുണ്ടാകു രോഗങ്ങളും ഇതേ പോലെ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും.
സ്വദേശികൾക്ക് ഗോസി പങ്കാളിത്ത പെൻഷൻ പദ്ധതിയും തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷയും നടപ്പാക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് വേതനത്തിന്റെ 18 ശതമാനവും തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിലേക്ക് ഒന്നര ശതമാനവുമാണ് അടക്കേണ്ടത്. ഇതിന്റെ പകുതി തൊഴിലുടമയും പകുതി സ്വദേശി തൊഴിലാളികളുമാണ് വഹിക്കേണ്ടത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!