GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ട് മലയാളികൾ കുടുങ്ങി.

റിയാദ്: സഊദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ട് മലയാളികൾ കുടുങ്ങി. ഇവർ ഉൾപ്പെടെ നാല് പേർക്ക് റിയാദ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ്‌മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ് അലി കാടൻ എന്നിവരാണ് ശിക്ഷ വിധിക്കപ്പെട്ട മലയാളികൾ. ഇവരെ കൂടാതെ, യമനി പൗരൻ വഹീദ് അഹ്മദ് മുഹമ്മദ് അൽയൂസുഫിനെയും ഇവർക്ക് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സഊദി പൗരൻ മൻസൂർ ബിൻ സഈദ് ബിൻ മുഹമ്മദ് സഈദിനെയും കോടതി ശിക്ഷിച്ചു.

ബിനാമി കേസിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ രണ്ടു മലയാളികൾക്കും പിഴയും നാടുകടത്തലുമാണ് ശിക്ഷ. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സഊദി പൗരന്റെ സഹായത്തോടെ മലയാളികളും യെമനിയും റിയാദിൽ മൂന്നു മിനിമാർക്കറ്റുകൾ നടത്തുകയായിരുന്നു. ബിനാമി വിരുദ്ധ പ്രോഗ്രാമിൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ സ്ഥാപനങ്ങൾ വിദേശികൾ നടത്തുന്ന ബിനാമി സ്ഥാപനങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിയമ ലംഘകർക്ക് കോടതി 80,000 റിയാൽ പിഴ ചുമത്തിയിട്ടുണ്ട്. ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സഊദി പൗരന് കോടതി വിലക്കുമേർപ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്.

ശിക്ഷ പൂർത്തിയാക്കിയ ശേഷം മലയാളികളെയും യെമനിയെയും സഊദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.

റിയാദിൽ സഊദി പൗരന്റെ ഉടമസ്ഥതയിലുള്ള എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ മൂന്നു മിനിമാർക്കറ്റുകൾ ബിനാമി സ്ഥാപനങ്ങളാണെന്ന് വാണിജ്യ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ സ്ഥാപനങ്ങൾ വിദേശികൾ സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് വ്യക്തമായി. അന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!