ജിദ്ദ:ചെങ്കടൽ തീരത്ത് 20ലധികം നീലക്കുഴികൾ കണ്ടെത്തിയതായി കൃഷി ജല പരിസ്ഥിതി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി അറിയിച്ചു. സൗദി വന്യജീവി വികസന കേന്ദ്രം സൗദിയിലെ നീലക്കുഴികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിഗൂഢത കാത്തുസൂക്ഷിക്കുകയും രഹസ്യങ്ങൾ മറയ്ക്കുകയും ചെയ്ത കടലിന്റെ അത്ഭുതങ്ങളിൽ ഒന്നാണ് നീലക്കുഴികൾ എന്ന് സൗദി വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ അഭിപ്രായപ്പെട്ടു. 2022ൽ സൗദി അറേബ്യയുടെ തെക്കൻ തീരപ്രദേശത്തെ ചെങ്കടലിൽ ഇരുപതിലധികം നീലക്കുഴികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പാരിസ്ഥിതിക നേട്ടങ്ങൾക്കപ്പുറം സാമ്പത്തിക നേട്ടത്തിന് വഴി തുറക്കുന്ന വിനോദ സഞ്ചാരമേഖലക്കും മികച്ച സംഭാവനയാണ്. രാജ്യത്തെ ഗവേഷകർക്കും നീലക്കുഴികൾ ഗുണം ചെയ്യും. സൗദി ഗ്രീൻ ഇനിഷ്യേറ്റീവുകളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി സംരക്ഷണവും പഠനവും 2023 ഓടെ 30 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു. ദേശീയ അന്തർദേശീയ വിദഗ്ധർ ശിൽപശാലയിൽ സംബന്ധിച്ചു.
കഴിഞ്ഞ വർഷം വന്യജീവി വികസന കേന്ദ്രം ചെങ്കടലിൽ സമഗ്രസർവേ നടത്തിയിരുന്നു. തെക്ക് ഭാഗത്തെ അഫീഫീ മുതൽ വടക്ക് ഗൾഫ് കടലിടുക്ക് വരെ പ്രദേശം 19 ആഴ്ച കൊണ്ടാണ് സർവേ നടത്തിയത്. ചെങ്കടലിലെ വിവിധയിനം ജീവികളെ സർവേക്കിടയിൽ കണ്ടെത്തിയിരുന്നു.
അടിഭാഗം ചെളിയും മണലും നിറഞ്ഞ അർധവൃത്താകൃതിയിലുള്ളതാണ് നീലക്കുഴികൾ അഥവാ ബ്ലൂ ഹോൾ. ഹാമുർ, ഷേരി, ജാക്ക് ഫിഷ്, കടലാമകൾ, സമുദ്രസസ്തനികൾ തുടങ്ങി ജീവികളുടെ സുരക്ഷിത ആവാസ കേന്ദ്രം കൂടിയാണ് നീലക്കുഴി. വർണാഭമായ പവിഴപ്പുറ്റുകളും മത്സ്യസമ്പത്തും സൂക്ഷ്മ ജീവികളുമുള്ളതിനാൽ സമുദ്രഗവേഷകരെ ഈ ഭാഗങ്ങളിലേക്ക് ആകർഷിക്കും.