NEWS - ഗൾഫ് വാർത്തകൾ ജിദ്ദ എയർപോർട്ട് വഴി ഇനി ലഗേജിൽ ഉൾപ്പെടുത്താതെ സംസം കൊണ്ടു പോകാം പെർമിറ്റ് കാണിച്ചാൽ മതി BY GULF MALAYALAM NEWS May 22, 2023 0 Comments 3.25K Views ജിദ്ദ- സൗദി അറേബ്യയിൽനിന്ന്, പ്രത്യേകിച്ച് ജിദ്ദയിൽനിന്ന് തിരിച്ചുപോകുന്നവർക്ക് എപ്പോഴും കൂടെ കൊണ്ടുപോകാൻ ആഗ്രഹമുള്ള ഒന്നാണ് സംസം വെള്ളം. ജിദ്ദ വഴി നാട്ടിലേക്ക് പോകുന്ന ഏതൊരു പ്രവാസിയുടെയും ലഗേജിനൊപ്പം ഒരു കുപ്പി സംസം വെള്ളം കൂടി കരുതാറുണ്ട്. സംസം എന്ന വിശുദ്ധ ജലത്തിനായി ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും കാത്തിരിക്കുന്നുണ്ടാകും എന്നതാണ് പ്രവാസികൾ തങ്ങൾക്കൊപ്പം സംസം ജലം കൂടി കരുതാനുള്ള കാരണം. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാവർക്കും സംസം തങ്ങളുടെ ലഗേജിനൊപ്പം കൊണ്ടുപോകാൻ അനുവാദം നൽകാറില്ല. ചില വിമാനക്കമ്പനികളിൽ അനുവദിച്ച ലഗേജ് തൂക്കത്തിന് അനുസരിച്ച് സംസം വെള്ളം കൂടി അനുവദിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു വിമാനക്കമ്പനി 30 കിലോ ലഗേജാണ് അനുവദിക്കുന്നത് എങ്കിൽ ലഗേജ് തൂക്കം 25 കിലോയിൽ പരിമിതപ്പെടുത്തിയാൽ ഒരു സംസം കൂടി അനുവദിക്കും. അതേസമയം, തൂക്കം 30 ആണെങ്കിൽ അഡീഷണലായി മറ്റൊരു സംസം കൂടി അനുവദിക്കില്ല.എന്നാൽ, സൗദിയിൽ സന്ദർശക വിസയിലോ ഉംറ വിസയിലോ എത്തുന്ന മുഴുവൻ ആളുകൾക്കും നാട്ടിലേക്ക് പോകുമ്പോൾ ലഗേജ് അനുവദിക്കപ്പെട്ട ഭാരമുണ്ടെങ്കിലും സംസം കൂടി കൂടെ കൊണ്ടുപോകാം. അതിന് ഉംറ ചെയ്യാൻ നേരത്തെ നുസ്ക് ആപ്ലിക്കേഷൻ വഴി എടുത്ത പെർമിറ്റിന്റെ കോപ്പി ബോർഡിംഗ് കൗണ്ടറിൽ കാണിച്ചാൽ മതി. ഇത്തരത്തിൽ പെർമ്മിറ്റ് കയ്യിലുണ്ടെങ്കിൽ ഒരാൾക്ക് സംസം വെള്ളത്തിന്റെ ഒരു ബോട്ടിൽ ലഗേജിനൊപ്പം നാട്ടിലേക്ക് കൊണ്ടുവരാനാകും. എന്നാൽ, സൗദിയിൽ റസിഡന്റ് വിസയിൽ ഉള്ളവർക്ക് ഇത്തരത്തിൽ പെർമിറ്റ് കാണിച്ച് സംസം കൊണ്ടുപോകാൻ സാധാരണ ഗതിയിൽ അനുവാദം നൽകില്ല. ബോർഡിംഗ് പാസ് നൽകുന്ന കൗണ്ടറിൽ ഇരിക്കുന്നവർ ചില പ്രത്യേക സന്ദർഭങ്ങളിൽ റസിഡന്റ് വിസയിലുള്ളവർക്കും സംസം കൊണ്ടുപോകാൻ അനുവദിക്കാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.പ്രത്യേകം ശ്രദ്ധിക്കുക:സന്ദർശക വിസയിൽ എത്തിയവർക്ക് നുസ്ക് ആപ്ലിക്കേഷനിലെ ഉംറ പെർമിറ്റ് കാണിച്ചാൽ സംസം ലഗേജിനൊപ്പം അനുവദിക്കും.റസിഡന്റ് വിസയിൽ എത്തിയവർക്ക് അനുവദിക്കപ്പെട്ട ലഗേജിന് പുറത്ത്, സംസം വെള്ളം കൊണ്ടുപോകാൻ സാധാരണ ഗതിയിൽ അനുവാദം നൽകില്ല. സംസം വെള്ളം അനുവദിക്കുന്നത് വിമാന കമ്പനികൾ മാറുന്നിന് അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.