GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വിവിധ പരിശോധനാ സംഘങ്ങളും സേനകളും സംയുക്തമായി നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിൽ

റിയാദ്- സൗദിയിൽ വിവിധ പരിശോധനാ സംഘങ്ങളും സേനകളും സംയുക്തമായി നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിൽ.
ഒരാഴ്ചയ്ക്കിടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,860 നിയമ ലംഘകർ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
ഈ മാസം രണ്ടു മുതൽ പതിനഞ്ചു വരെയുള്ള ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 9,713 ഇഖാമ നിയമ ലംഘകരും 4,029 നുഴഞ്ഞു കയറ്റക്കാരും 3,118 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായി.
താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായാണ് വിവിധ വകുപ്പുകൾ ഒരാഴ്ച നീണ്ടു നിന്ന റെയ്ഡ് നടത്തിയത്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 515 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 30 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 15 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. അതിർത്തി വഴി രാജ്യത്തേക്കു നുഴഞ്ഞു കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത് യെമനികളും ആഫ്രിക്കൻ വംശജരുമാണ്.
വിദേശികളെ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചയക്കാൻ അതാത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടതായും വക്താവ് വിശദീകരിച്ചു. നിലവിൽ 2,345 വനിതകൾ അടക്കം 20,934 നിയമ ലംഘകർ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കുന്നത് കാത്തു കഴിയുന്നു.
സ്വദേശങ്ങളിലേക്ക് നാടു കടത്തുന്നതിനു മുന്നോടിയായി 12,087 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാനും 1,606 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 12,728 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടു കടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!