കുവൈത്ത് സിറ്റി : മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ കുവൈത്തിൽ ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ത്വലാൽ അൽഖാലിദ് ആണ് ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഈജിപ്തിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തൊഴിൽ കരാറുകൾ അംഗീകരിക്കുന്നതിന് കുവൈത്തിലെ ഈജിപ്ഷ്യൻ എംബസി ബാധകമാക്കിയ, രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായ പുതിയ വ്യവസ്ഥകളാണ് ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റുകൾ നിർത്തിവെക്കാൻ കാരണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഈജിപ്തിൽ നിന്നുള്ള റിക്രൂട്ട്മെന്റ് ക്രമീകരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തൽ, കുവൈത്തിലെ തൊഴിൽ നിയമങ്ങൾ കുവൈത്ത് എംബസി ലംഘിക്കൽ അടക്കമുള്ള കാരണങ്ങളാലാണ് ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കാനുള്ള തീരുമാനത്തിന് പ്രേരകമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 17 മുതൽ ഈജിപ്തുകാർക്ക് എല്ലായിനം വിസകളും അനുവദിക്കുന്നത് കുവൈത്ത് നിർത്തിവെച്ചിരുന്നു.