തുറൈഫ് : ഔഖാഫിനു കീഴിലുള്ള സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം കർശനമായി നടപ്പാക്കാൻ നിർദേശം. 25 ന് മുമ്പ് വിദേശികളെ മുഴുവൻ പിരിച്ചുവിടണം.
മതകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഔഖാഫ് ഓഫീസിലും അതിനു കീഴിലുള്ള പള്ളികളിലും ജോലി ചെയ്യുന്ന വിദേശികളെ പൂർണമായും ഒഴിവാക്കി 100 ശതമാനം സ്വദേശിവൽക്കരണം നടത്താൻ കർശന നിർദേശം നൽകിയിരിക്കുകയാണ്.
ഹിജ്‌റ അഞ്ചാം മാസം അവസാനത്തോടെ, അതായത് ഡിസംബർ ഇരുപത്തിയഞ്ചിന് മുമ്പായി അതാത് സ്ഥാനങ്ങളിൽ നിന്ന് വിദേശികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശം.
പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കിയാൽ തുറൈഫ് നഗരത്തിൽ മാത്രം 53 ആളുകൾക്ക് ജോലി നഷ്ടമാകും. കേരളം, ഉത്തർപ്രദേശ്, ബംഗാൾ, പാക്കിസ്ഥാൻ, ഈജിപ്ത്, യെമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ജോലി നഷ്ടമാവുക. ഒന്നര വർഷം മുമ്പ് തന്നെ സ്വദേശികളെ നിയമിക്കാനും വിഷൻ-2030 ന്റെ ഭാഗമായി സ്വദേശിവൽക്കരണം നടപ്പാക്കാൻ വേണ്ടിയും ഉത്തരവുണ്ടായിരുന്നു. എന്നാൽ കർശനമായി അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും കർക്കശമായി നടപ്പാക്കാനാണ് പദ്ധതി. പക്ഷേ പള്ളികളിൽ ഇമാം, മുഅദ്ദിൻ (ബാങ്ക് വിളിക്കുന്ന വ്യക്തി) എന്നീ രണ്ട് ജോലികൾക്കും സ്വദേശികൾ അപേക്ഷിക്കാൻ മടിക്കുകയാണ്. ഏകദേശം ദിവസം മുഴുവൻ പള്ളി കേന്ദ്രീകരിച്ചു നിൽക്കേണ്ടി വരും എന്നതാണ് കാരണം. പള്ളി ഇമാം ആകുന്നയാൾക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയും നിർദിഷ്ട മത പഠനവും ഉണ്ടെങ്കിൽ സ്വദേശിക്ക് 6000 റിയാൽ അടിസ്ഥാന ശമ്പളവും ഗവണ്മെന്റ് ജോലി എന്ന ആനുകൂല്യവും നൽകുമെന്നതാണ് പുതിയ വ്യവസ്ഥ. ഈ യോഗ്യത ഇല്ലാത്തവർക്ക് നിലവിലെ സ്‌റ്റൈപ്പന്റ് തുടരും.