റിയാദ്: സൗദി അറേബ്യയുടെ 2027 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. 1.39 ലക്ഷം കോടി റിയാലിലധികം ചെലവും 1.20 ലക്ഷം കോടി റിയാലിലധികം വരുമാനവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അംഗീകരിച്ചത്.
നവംബർ 24 ചൊവ്വാഴ്ച റിയാദിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നൽകിയത്.
2027 ബജറ്റിലെ പ്രധാന കണക്കുകൾ:
– പ്രതീക്ഷിക്കുന്ന വരുമാനം: 1,20,154 കോടി റിയാൽ
– ആകെ ചെലവ്: 1,39,210 കോടി റിയാൽ
– പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി: 19,056 കോടി റിയാൽ
രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളും സാമൂഹിക വികസന പരിപാടികളും കാര്യക്ഷമമായി നടപ്പാക്കണമെന്ന് കിരീടാവകാശി മന്ത്രിമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
ഓരോ മന്ത്രാലയവും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കണമെന്നും രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ലഭ്യമായ എല്ലാ വിഭവങ്ങളും കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2026ൽ വിവിധ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സൗദി സമ്പദ്വ്യവസ്ഥ ശക്തമായ നിലയിൽ തുടർന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.
ശക്തമായ സാമ്പത്തിക അടിത്തറ, സാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്ന ധനനയങ്ങൾ, ദീർഘകാല ആസൂത്രണം, മികച്ച നിക്ഷേപങ്ങൾ എന്നിവയാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് കരുത്തേകിയതെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിലും ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിലും നടത്തിയ നിക്ഷേപങ്ങൾ രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകർന്നതായും കിരീടാവകാശി ചൂണ്ടിക്കാട്ടി.
വിവിധ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഫലപ്രദമായി നേരിട്ടുകൊണ്ട് വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ സൗദി അറേബ്യയ്ക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച തുടരുന്നതിനൊപ്പം വികസന പദ്ധതികൾ നടപ്പാക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും 2027ലെ ബജറ്റിൽ പ്രാധാന്യം നൽകുന്നതായി സൗദി ഭരണകൂടം അറിയിച്ചു.
