റിയാദ്: സൗദി അറേബ്യയും ഒമാനും തമ്മിലുള്ള സുരക്ഷാ സഹകരണത്തിലൂടെ അഞ്ച് ലക്ഷം നിയന്ത്രിത മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സൗദി അധികൃതർ നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒമാൻ സുരക്ഷാ വിഭാഗം കള്ളക്കടത്ത് ശ്രമം തടഞ്ഞത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ബിൻ ശൽഹൂബാണ് ഇക്കാര്യം അറിയിച്ചത്.
മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ സംഘങ്ങളെ മുൻകൂട്ടി നിരീക്ഷിച്ചതിലൂടെയാണ് കള്ളക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ ഈ വിവരങ്ങൾ ഒമാനിലെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ അധികൃതർ നടത്തിയ നടപടിയിലൂടെയാണ് അഞ്ച് ലക്ഷം ഗുളികകളുടെ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.
അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് സംഘങ്ങളെ നേരിടുന്നതിൽ സൗദി അറേബ്യയും ഒമാനും തമ്മിലുള്ള ശക്തമായ സുരക്ഷാ ഏകോപനത്തിന്റെ ഉദാഹരണമാണ് ഈ നടപടിയെന്ന് തലാൽ അൽ ശൽഹൂബ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത് തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി ഒമാനിലെ സുരക്ഷാ വിഭാഗങ്ങളുമായി തുടർച്ചയായ സഹകരണം നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയ്ക്കും യുവജനങ്ങൾക്കും ഭീഷണിയാകുന്ന മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണവും നടപടികളും തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അയൽരാജ്യങ്ങളുമായുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
