റിയാദ്: സൗദി അറേബ്യയിൽ അസുഖാവധിക്കായി നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടത്തിയ 1,817 പരിശോധനകളിൽ 1,16,131 സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ നിയമസാധുത പരിശോധിക്കേണ്ടതുണ്ടെന്ന് കണ്ടെത്തി.
അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലെ അസാധാരണമായ രീതികളും നിയമലംഘന സാധ്യതകളും കണ്ടെത്തിയത്.
ഒരു ആരോഗ്യ സ്ഥാപനത്തിൽ നിന്ന് മാത്രം 70,753 സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായി പരിശോധനയിൽ കണ്ടെത്തി.
അതേസമയം, ഒരു ആരോഗ്യ പ്രവർത്തകൻ മാത്രം 9,584 സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു പരിശോധനയിൽ ഒരു ആരോഗ്യ പ്രവർത്തകൻ ഒറ്റ ദിവസം 259 സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ നൽകിയതായും വ്യക്തമായി.
കൂടാതെ, നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 46,279 സിക്ക് ലീവ് സർട്ടിഫിക്കറ്റുകളും പരിശോധനയിൽ കണ്ടെത്തി.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അനുവദനീയമല്ലാത്ത രീതിയിൽ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ നേടാൻ ശ്രമിച്ചവർക്കും ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയവർക്കും നിയമങ്ങൾ പാലിക്കാത്ത ആരോഗ്യ സ്ഥാപനങ്ങൾക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.
നിയമലംഘനങ്ങളിൽ ഉൾപ്പെട്ടവരുടെ ബന്ധപ്പെട്ട അനുമതികൾ താൽക്കാലികമായി റദ്ദാക്കുകയും തുടർനടപടികൾക്കായി ചില കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കുക, നിയമവിരുദ്ധമായി സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയുക, ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യങ്ങൾ.
ആരോഗ്യ പ്രവർത്തകർ തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ കൃത്യമായി പാലിക്കണമെന്നും സർട്ടിഫിക്കറ്റുകൾ അനുവദിക്കുമ്പോൾ അംഗീകൃത നിയമങ്ങളും നടപടിക്രമങ്ങളും പിന്തുടരണമെന്നും മന്ത്രാലയം നിർദേശിച്ചു.
സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകളും നിരീക്ഷണ നടപടികളും ശക്തമായി തുടരുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
