റിയാദ്: സൗദി അറേബ്യയിൽ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ രേഖകളും രജിസ്ട്രേഷനും നിയമാനുസൃതമാക്കുന്നതിന് അനുവദിച്ച 90 ദിവസത്തെ ഇളവുകാലം അവസാനിച്ചു. നവംബർ 23 തിങ്കളാഴ്ചയോടെയാണ് സമയപരിധി അവസാനിച്ചതെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഓഗസ്റ്റ് 26 മുതൽ നവംബർ 23 വരെ വാഹന ഉടമകൾക്ക് പ്രത്യേക ഇളവുകാലം അനുവദിച്ചിരുന്നത്.
യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ സൗദിയിൽ ഉപയോഗിക്കുന്നവർക്ക് അവയുടെ നിയമപരമായ സ്ഥിതി ക്രമീകരിക്കുന്നതിനാണ് അവസരം നൽകിയിരുന്നത്.
പുതിയ നിയമപ്രകാരം സൗദി പൗരന്മാരുടെയും ഗൾഫ് പൗരന്മാരല്ലാത്ത സൗദി താമസക്കാരുടെയും ഉടമസ്ഥതയിലുള്ള ജിസിസി രജിസ്ട്രേഷൻ വാഹനങ്ങൾക്ക് 365 ദിവസത്തിനുള്ളിൽ പരമാവധി 90 ദിവസം മാത്രമേ സൗദിയിൽ തുടരാൻ അനുമതിയുള്ളൂ.
തുടർച്ചയായോ പല തവണകളായോ സൗദിയിൽ ചെലവഴിക്കുന്ന ദിവസങ്ങൾ ഈ 90 ദിവസത്തെ പരിധിയിൽ ഉൾപ്പെടും. വാഹനം സൗദിയിലെ കസ്റ്റംസ് അതിർത്തി വഴി പ്രവേശിക്കുന്ന തീയതി മുതലാണ് കാലയളവ് കണക്കാക്കുന്നത്.
വാഹനം ഓടിക്കാൻ നിയമപരമായി അനുമതി ലഭിച്ച വ്യക്തികൾക്കും ബന്ധപ്പെട്ട വ്യവസ്ഥകൾ ബാധകമാണ്.
നിശ്ചിത കാലയളവിനുള്ളിൽ വാഹനത്തിന്റെ നിയമപരമായ സ്ഥിതി ക്രമീകരിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
വാഹനം സൗദിക്ക് പുറത്തേക്ക് കൊണ്ടുപോകുകയോ ആവശ്യമായ നടപടികൾ പൂർത്തിയാക്കി സൗദിയിൽ രജിസ്റ്റർ ചെയ്ത് സൗദി നമ്പർ പ്ലേറ്റ് സ്വന്തമാക്കുകയോ ചെയ്യാം.
സൗദി രജിസ്ട്രേഷൻ നേടാൻ ആഗ്രഹിക്കുന്നവർക്ക് അംഗീകൃത കസ്റ്റംസ് ഏജന്റിനെ ചുമതലപ്പെടുത്തി സമീപത്തുള്ള കസ്റ്റംസ് പ്രവേശന കേന്ദ്രം വഴി ആവശ്യമായ രേഖകൾ സമർപ്പിക്കാം.
നിശ്ചിത നികുതികളും ഫീസുകളും അടച്ച് നിയമനടപടികൾ പൂർത്തിയാക്കാൻ സൗകര്യമുണ്ടെന്നും വാഹനം ആദ്യം സൗദിയിലേക്ക് പ്രവേശിച്ച അതിർത്തി കേന്ദ്രത്തിലേക്ക് തിരികെ പോകേണ്ടതില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
അതേസമയം, വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന നിയമപരമായ താമസകാലാവധി അവസാനിക്കുന്നതിന് മുമ്പ് അപേക്ഷിച്ചാൽ പരമാവധി 30 ദിവസം കൂടി നീട്ടിനൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് അബ്ഷിർ (Absher) പ്ലാറ്റ്ഫോം വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.
90 ദിവസത്തെ ഇളവുകാലം അവസാനിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട വാഹന ഉടമകൾ നിയമപരമായ വ്യവസ്ഥകൾ പാലിക്കണമെന്നും വാഹനങ്ങളുടെ രേഖകളും രജിസ്ട്രേഷനും ക്രമീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
