റിയാദ്: സൗദി അറേബ്യയിൽ സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിലൂടെ പ്രതിവർഷം 2,600 കോടി റിയാലിലധികം ലാഭിക്കാൻ സാധിച്ചതായി ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. ഓൺലൈൻ സേവനങ്ങൾ വ്യാപകമാക്കിയതിലൂടെ സർക്കാർ ഓഫീസുകളിലേക്കുള്ള പ്രതിദിനം 13 ലക്ഷത്തിലധികം നേരിട്ടുള്ള സന്ദർശനങ്ങളും ഒഴിവാക്കാനായി.
2026 അവസാനത്തോടെ രാജ്യത്തെ സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തന നിരക്ക് 90 ശതമാനം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി ഗവർണർ എൻജിനീയർ അഹമ്മദ് അൽ സുവയ്യാൻ വ്യക്തമാക്കി.
സൗദി വിവര മന്ത്രാലയം സംഘടിപ്പിച്ച സർക്കാർ വാർത്താസമ്മേളനത്തിലാണ് രാജ്യത്തെ ഡിജിറ്റൽ സേവനങ്ങളുടെ പുരോഗതി സംബന്ധിച്ച കണക്കുകൾ അദ്ദേഹം പുറത്തുവിട്ടത്.
അബ്ഷിർ സേവനങ്ങൾ 30 സെക്കൻഡിൽ
ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്ഫോം വഴി സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. നേരത്തെ നാല് മണിക്കൂർ വരെ ആവശ്യമായിരുന്ന പല സേവനങ്ങളും ഇപ്പോൾ വെറും 30 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നുണ്ട്.
കോടതി നടപടികളിലും വൻ മാറ്റം
സൗദിയിലെ 95 ശതമാനം കോടതി സിറ്റിങ്ങുകളും ഇപ്പോൾ ഓൺലൈനായാണ് നടക്കുന്നത്. ഇതിലൂടെ നീതിന്യായ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയം 219 ദിവസത്തിൽ നിന്ന് 20 ദിവസമായി കുറഞ്ഞു.
ഡിജിറ്റൽ കോടതി സേവനങ്ങൾ നടപ്പാക്കിയതിലൂടെ നീതിന്യായ സ്ഥാപനങ്ങളിലേക്കുള്ള പ്രതിവർഷം ആറു കോടിയിലധികം നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനായതായും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജ്, ഉംറ വിസകൾ അഞ്ച് മിനിറ്റിൽ
ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള നുസുക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം ആറു കോടി കവിഞ്ഞു. മദീനയിലെ മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ പ്രതിദിനം 55,000 സന്ദർശകർക്ക് പ്രവേശന സൗകര്യം ഒരുക്കുന്നുണ്ട്.
നേരത്തെ അഞ്ച് ദിവസം ആവശ്യമായിരുന്ന ഹജ്ജ്, ഉംറ വിസ നടപടികൾ ഇപ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ആരോഗ്യ മേഖലയിലും ഡിജിറ്റൽ മുന്നേറ്റം
സൗദിയിലെ 51 ശതമാനം മെഡിക്കൽ അപ്പോയിന്റ്മെന്റുകളും ഇപ്പോൾ ഓൺലൈൻ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്.
നേരത്തെ 72 മണിക്കൂർ വരെ ആവശ്യമായിരുന്ന മരുന്ന് വിതരണ നടപടികൾ എട്ട് മിനിറ്റിൽ താഴെയായി കുറഞ്ഞു. ഈ മാറ്റങ്ങളിലൂടെ മരുന്ന് ചെലവിൽ 150 കോടി റിയാലിന്റെ ലാഭം കൈവരിച്ചതായും അധികൃതർ വ്യക്തമാക്കി.
തവക്കൽനയിൽ 1,800ലധികം സേവനങ്ങൾ
തവക്കൽന ആപ്ലിക്കേഷനിലൂടെ നിലവിൽ 1,800ലധികം സർക്കാർ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. പ്രതിദിനം 8.8 കോടിയിലധികം ഇടപാടുകൾ ഈ സംവിധാനത്തിലൂടെ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മൊത്തം സാമ്പത്തിക ഇടപാടുകളുടെ 85 ശതമാനവും ഇലക്ട്രോണിക് പേയ്മെന്റുകളായി മാറിയിട്ടുണ്ട്.
കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയം രണ്ട് മണിക്കൂറായി കുറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും സാധിക്കുന്നുണ്ട്.
ഊർജ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് എണ്ണ, വാതക വിതരണവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്.
നേരത്തെ 25 മിനിറ്റ് ആവശ്യമായിരുന്ന എണ്ണ, വാതക വിതരണ നിരീക്ഷണ നടപടികൾ ഇപ്പോൾ 30 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നതായി സൗദി ഊർജ മന്ത്രാലയം വ്യക്തമാക്കി.
ഇഹ്സാൻ പ്ലാറ്റ്ഫോം വഴിയുള്ള മൊത്തം സംഭാവനകൾ 1,700 കോടി റിയാലിലെത്തിയിട്ടുണ്ട്.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അപേക്ഷാ നടപടികളും ലളിതമാക്കി. നിലവിൽ എട്ട് മിനിറ്റിനുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റൽ സർക്കാരിൽ ലോകത്ത് നാലാം സ്ഥാനം
2021ൽ 69 ശതമാനമായിരുന്ന സൗദിയുടെ ഡിജിറ്റൽ പരിവർത്തന നിരക്ക് 2026 അവസാനത്തോടെ 90 ശതമാനം കവിയുമെന്നാണ് കണക്കാക്കുന്നത്.
ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയതിലൂടെ നഗരങ്ങളിലെ ദൃശ്യ മലിനീകരണം നിരീക്ഷിക്കുന്നതിനുള്ള ചെലവ് 76 ശതമാനം കുറഞ്ഞു. ഭൂഗർഭജല സംരക്ഷണവുമായി ബന്ധപ്പെട്ട സേവനങ്ങളിലൂടെ 12 കോടി റിയാലിന്റെ സാമ്പത്തിക ലാഭവും കൈവരിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് ഡെവലപ്മെന്റ് ഇൻഡക്സിൽ 2018ൽ 52-ാം സ്ഥാനത്തായിരുന്ന സൗദി അറേബ്യ 2026ൽ 194 രാജ്യങ്ങളിൽ നാലാം സ്ഥാനത്തെത്തിയതായും അഹമ്മദ് അൽ സുവയ്യാൻ വ്യക്തമാക്കി.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സർക്കാർ സേവനങ്ങളിൽ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടം നേടുകയെന്ന ലക്ഷ്യം ഇതിനകം കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
