ഹായിൽ: സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ പുതിയ ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രം (911) സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ ഞായറാഴ്ച പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിച്ചു.
ഹായിൽ ഗവർണർ അബ്ദുൽ അസീസ് ബിൻ സഅദ് രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ഹായിൽ ഡെപ്യൂട്ടി ഗവർണർ ഫൈസൽ ബിൻ ഫഹദ് രാജകുമാരനും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന വികസന പദ്ധതികളിലൊന്നാണ് പുതിയ 911 അടിയന്തര സേവന കേന്ദ്രം. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ വിവിധ മേഖലകളിലുള്ള അടിയന്തര സഹായ നമ്പറുകളും സുരക്ഷാ പ്രവർത്തന കേന്ദ്രങ്ങളും ഏകീകൃത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പൊലീസ്, സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളും മറ്റ് അടിയന്തര സേവന ഏജൻസികളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിൽ പ്രതികരിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും.
നാല് പ്രത്യേക ഓപ്പറേഷൻസ് റൂമുകളാണ് പുതിയ കേന്ദ്രത്തിൽ ഒരുക്കുന്നത്. ഹായിൽ നഗരത്തിനും മേഖലയിലെ എട്ട് ഗവർണറേറ്റുകൾക്കും കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും.
പദ്ധതിയുടെ പ്രവർത്തനരീതികൾ, ഓപ്പറേഷൻസ് റൂമുകളുടെ ചുമതലകൾ, വിവിധ സുരക്ഷാ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപന സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ അവതരണവും ആഭ്യന്തര മന്ത്രി വിലയിരുത്തി.
സന്ദർശനത്തിന്റെ ഭാഗമായി ഹായിൽ മേഖലയിലെ സുരക്ഷാ സമിതി അംഗങ്ങളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുരക്ഷാ പ്രവർത്തനങ്ങളും സൈനിക, സുരക്ഷാ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരും സൈനിക വിഭാഗങ്ങളും നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ആത്മാർഥമായ സേവനത്തിനും അർപ്പണബോധത്തിനും നന്ദി അറിയിച്ച മന്ത്രി, വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാർക്ക് തന്റെ അഭിനന്ദനങ്ങൾ കൈമാറാനും നിർദേശിച്ചു.
അടിയന്തര സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങൾക്ക് വേഗത്തിലുള്ള സഹായം ഉറപ്പാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ ഡിജിറ്റൽ, സുരക്ഷാ വികസന പദ്ധതികളുടെ ഭാഗമാണ് പുതിയ 911 കേന്ദ്രം.
