റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 23 ലക്ഷത്തിലധികം ആംഫെറ്റമിൻ ലഹരി ഗുളികകൾ ദുബ തുറമുഖത്ത് കസ്റ്റംസ് അധികൃതർ പിടികൂടി. ആറ് വ്യത്യസ്ത കള്ളക്കടത്ത് ശ്രമങ്ങളാണ് സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) പരാജയപ്പെടുത്തിയത്.
ദുബ തുറമുഖം വഴി രാജ്യത്തെത്തിയ ആറ് ട്രക്കുകളിലാണ് ലഹരി ഗുളികകൾ കണ്ടെത്തിയതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഹമൂദ് അൽ ഹർബി അറിയിച്ചു.
കോൺക്രീറ്റ് ഇഷ്ടികകൾ കയറ്റിയെത്തിയ ട്രക്കുകളിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. ഇഷ്ടികകൾക്കുള്ളിലെ പൊള്ളയായ ഭാഗങ്ങളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ.
അത്യാധുനിക സുരക്ഷാ പരിശോധനാ സംവിധാനങ്ങളും ലഹരിവസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ലഹരി ഗുളികകൾ പിടികൂടിയതിന് പിന്നാലെ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി (GDNC) ചേർന്ന് നടത്തിയ അന്വേഷണത്തിൽ രാജ്യത്തിനുള്ളിൽ ലഹരിവസ്തുക്കൾ സ്വീകരിക്കാനിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ നടക്കുന്ന കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി പരിശോധനകളും സുരക്ഷാ നടപടികളും കൂടുതൽ ശക്തമാക്കുമെന്ന് ഹമൂദ് അൽ ഹർബി അറിയിച്ചു.
മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും രാജ്യത്തേക്ക് കടത്തുന്നത് തടയുക, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് കസ്റ്റംസ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയവുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായും സഹകരിച്ചാണ് ലഹരിക്കടത്തിനെതിരായ നടപടികൾ തുടരുന്നതെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിനായി എല്ലാ അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
