നേപ്പിൾസ്: രാജ്യത്തിന്റെ ഭൂപ്രദേശങ്ങളും ജനങ്ങളും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള നിയമാനുസൃത അവകാശം സൗദി അറേബ്യയ്ക്കുണ്ടെന്ന് സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അൽ ഖുറൈജി വ്യക്തമാക്കി.
ഇറ്റലിയിലെ നേപ്പിൾസിൽ നടക്കുന്ന മെഡിറ്ററേനിയൻ ഡയലോഗ്സ് (MED) സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച സമുദ്ര സുരക്ഷ സംബന്ധിച്ച പ്രത്യേക ചർച്ചയിലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സമുദ്ര വ്യാപാരപാതകളിലെ പുതിയ സംഭവവികാസങ്ങൾ സമുദ്ര സുരക്ഷയും പ്രാദേശിക സ്ഥിരതയും ആഗോള സാമ്പത്തിക പുരോഗതിയും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക്, ഹോർമുസ് കടലിടുക്ക് എന്നിവയുൾപ്പെടെയുള്ള പ്രധാന സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നത് ആഗോളതലത്തിൽ അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക വ്യാപാരത്തിനും ചരക്കുഗതാഗതത്തിനും നിർണായകമായ ഈ സമുദ്രപാതകളുടെ സുരക്ഷ സംരക്ഷിക്കുന്നതിന് പ്രാദേശിക, അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും നയതന്ത്ര ശ്രമങ്ങൾക്ക് മുൻഗണന നൽകണമെന്ന് സൗദി വിദേശകാര്യ ഉപമന്ത്രി ആവശ്യപ്പെട്ടു.
പ്രാദേശിക അസ്ഥിരതയ്ക്ക് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രധാന സമുദ്രപാതകളിലൂടെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യെമനിൽ സുരക്ഷയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യ തുടർന്നും പിന്തുണ നൽകുമെന്ന് അൽ ഖുറൈജി വ്യക്തമാക്കി.
അതേസമയം, അയൽരാജ്യങ്ങളുടെ സുരക്ഷയ്ക്കോ അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനോ ഭീഷണി സൃഷ്ടിക്കാൻ യെമന്റെ ഭൂപ്രദേശം ഉപയോഗിക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനൊപ്പം സമുദ്ര വ്യാപാരപാതകളുടെ സുരക്ഷ ഉറപ്പാക്കാനും പ്രാദേശിക സംഘർഷങ്ങൾക്ക് നയതന്ത്ര മാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനും അന്താരാഷ്ട്ര സമൂഹം കൂടുതൽ സഹകരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
