റിയാദ്: സൗദി അറേബ്യയുടെ അസംസ്കൃത എണ്ണ സംഭരിക്കുന്നതിനായി ജപ്പാനിൽ 1.6 കോടി ബാരലിന്റെ അധിക സംഭരണശേഷി അനുവദിക്കാൻ തീരുമാനം. ഇതോടൊപ്പം ജപ്പാന്റെ ദേശീയ എണ്ണ ശേഖരത്തിനായി സൗദിയിൽ നിന്ന് 80 ലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണ വാങ്ങാനും പദ്ധതിയുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ജപ്പാൻ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രി റിയോസെയ് അകസാവയും നവംബർ ഒമ്പതിന് നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയെ തുടർന്നാണ് പുതിയ പ്രഖ്യാപനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തവും ഊർജ മേഖലയിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
നിലവിൽ ജപ്പാനിൽ സൗദി അറേബ്യയ്ക്ക് 80 ലക്ഷം ബാരൽ അസംസ്കൃത എണ്ണ സംഭരിക്കാനുള്ള സൗകര്യമുണ്ട്. പുതിയതായി 1.6 കോടി ബാരലിന്റെ അധിക സംഭരണശേഷി അനുവദിക്കുന്നതോടെ മൊത്തം ശേഷി 2.4 കോടി ബാരലായി ഉയരും.
ജപ്പാന്റെ ദേശീയ എണ്ണ സംഭരണ കേന്ദ്രങ്ങളിലാണ് നിശ്ചിത കാലയളവിലേക്ക് അധിക സൗകര്യം അനുവദിക്കാൻ ഉദ്ദേശിക്കുന്നത്.
അതേസമയം, വിപണി സാഹചര്യങ്ങൾ അനുകൂലമാകുകയും ആവശ്യമായ ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്താൽ സൗദിയിൽ നിന്ന് 80 ലക്ഷം ബാരൽ വരെ എണ്ണ വാങ്ങി ദേശീയ കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്താനാണ് ജപ്പാന്റെ പദ്ധതി.
2010ൽ ആരംഭിച്ച സൗദി–ജപ്പാൻ സംയുക്ത അസംസ്കൃത എണ്ണ സംഭരണ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. നിലവിലുള്ള സംയുക്ത സംഭരണ ടാങ്കുകളിൽ എണ്ണ വീണ്ടും നിറയ്ക്കുന്ന പ്രവർത്തനങ്ങളും സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്.
ജപ്പാന്റെ ദീർഘകാല ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ വിശ്വസനീയവും സ്ഥിരതയുള്ളതുമായ എണ്ണ വിതരണം തുടരാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഊർജ മന്ത്രി വ്യക്തമാക്കി.
സ്ഥിരതയുള്ള എണ്ണ വിതരണം ഉറപ്പാക്കുന്നതിൽ സൗദി അറേബ്യ നൽകുന്ന പിന്തുണയ്ക്ക് ജപ്പാനും നന്ദി അറിയിച്ചു.
ഏഷ്യൻ രാജ്യങ്ങളുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ജപ്പാൻ നടപ്പാക്കുന്ന ‘POWERR Asia’ പദ്ധതിയിലും ഇരുരാജ്യങ്ങളും സഹകരിക്കും.
ഏഷ്യയിലെ എണ്ണ സംഭരണ സംവിധാനങ്ങൾ വികസിപ്പിക്കുക, എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, അടിയന്തര സാഹചര്യങ്ങളിൽ സംയുക്ത നടപടികൾ സ്വീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഭാവിയിൽ ഊർജ മേഖലയിലെ കൂടുതൽ സഹകരണ അവസരങ്ങൾ കണ്ടെത്തുന്നതിനും നിലവിലുള്ള സംയുക്ത എണ്ണ സംഭരണ പദ്ധതി വിപുലീകരിക്കുന്നതിനുമുള്ള ചർച്ചകൾ തുടരാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
സൗദി–ജപ്പാൻ ഊർജ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം ഏഷ്യൻ വിപണികളിലേക്കുള്ള എണ്ണവിതരണം കൂടുതൽ സുരക്ഷിതവും സ്ഥിരതയുള്ളതുമാക്കുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം.
