വാഷിങ്ടൺ: അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളിലുള്ള സൗദി അറേബ്യയുടെ നിക്ഷേപത്തിൽ 2026 സെപ്റ്റംബറിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റിനെ അപേക്ഷിച്ച് ഏകദേശം 533 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായതെന്ന് അമേരിക്കൻ ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഓഗസ്റ്റിൽ സൗദിയുടെ കൈവശമുണ്ടായിരുന്ന അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ മൂല്യം 14,120 കോടി ഡോളറായിരുന്നു. സെപ്റ്റംബറിൽ ഇത് 13,590 കോടി ഡോളറായി കുറഞ്ഞു.
അമേരിക്കൻ സർക്കാർ കടപ്പത്രങ്ങൾ ഏറ്റവും കൂടുതൽ കൈവശം വച്ചിരിക്കുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ആഗോളതലത്തിൽ 18-ാം സ്ഥാനത്താണ്.
സൗദിയുടെ മൊത്തം നിക്ഷേപത്തിൽ 83 ശതമാനമായ 11,280 കോടി ഡോളർ ദീർഘകാല സർക്കാർ കടപ്പത്രങ്ങളിലാണ്. ശേഷിക്കുന്ന 17 ശതമാനമായ 2,310 കോടി ഡോളർ ഹ്രസ്വകാല കടപ്പത്രങ്ങളിലുമാണ്.
അമേരിക്കൻ സർക്കാർ കടപ്പത്രങ്ങൾ ഏറ്റവും കൂടുതൽ കൈവശം വച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. ഏകദേശം 1.06 ലക്ഷം കോടി ഡോളറിന്റെ കടപ്പത്രങ്ങളാണ് ജപ്പാന്റെ കൈവശമുള്ളത്.
98,580 കോടി ഡോളറുമായി ബ്രിട്ടൻ രണ്ടാം സ്ഥാനത്തും 56,390 കോടി ഡോളറുമായി ചൈന മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം, അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളിലുള്ള വിദേശ നിക്ഷേപകരുടെ മൊത്തം നിക്ഷേപത്തിലും സെപ്റ്റംബറിൽ വലിയ കുറവ് രേഖപ്പെടുത്തി.
സെപ്റ്റംബറിൽ വിദേശ നിക്ഷേപകരുടെ കൈവശമുള്ള കടപ്പത്രങ്ങളുടെ മൂല്യം ഏകദേശം 7,550 കോടി ഡോളർ കുറഞ്ഞ് 9.24 ലക്ഷം കോടി ഡോളറായി.
കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. വിദേശ നിക്ഷേപകരുടെ കൈവശമുള്ള അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ മൊത്തം മൂല്യം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി.
അമേരിക്കൻ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകളാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സർക്കാർ കടപ്പത്ര നിക്ഷേപത്തിലെ മാറ്റങ്ങൾ വ്യക്തമാക്കുന്നത്.
