റോം: സൗദി അറേബ്യയും ഇറ്റലിയും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനുമായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു.
ബുധനാഴ്ച ആരംഭിച്ച രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഇറ്റലിയിലെ ആരോഗ്യ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും മന്ത്രി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തും.
അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, പ്രത്യേക ചികിത്സാ സേവനങ്ങൾ, ആരോഗ്യ മേഖലയിലെ നിക്ഷേപങ്ങൾ, ഡിജിറ്റൽ ഹെൽത്ത്, ബയോടെക്നോളജി, ആരോഗ്യ പ്രവർത്തകരുടെ നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചർച്ച ചെയ്യുക.
സന്ദർശനത്തിന്റെ ഭാഗമായി ഇറ്റലിയിലെ പ്രമുഖ ആശുപത്രികളും ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളും മന്ത്രി സന്ദർശിക്കും. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇറ്റലി നടപ്പാക്കുന്ന മികച്ച പ്രവർത്തനരീതികൾ മനസ്സിലാക്കുന്നതിനും സാങ്കേതിക അറിവുകളും അനുഭവങ്ങളും പരസ്പരം കൈമാറുന്നതിനുമാണ് സന്ദർശനം.
സൗദി അറേബ്യയും ഇറ്റലിയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക സന്ദർശനം.
ആരോഗ്യ മേഖലയിൽ തന്ത്രപ്രധാന പങ്കാളിത്തങ്ങൾ സ്ഥാപിക്കുക, പുതിയ സഹകരണ കരാറുകൾക്ക് വഴിയൊരുക്കുക, ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും നൂതന ചികിത്സാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ നിക്ഷേപ, സഹകരണ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
