റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിവിധ ജനവാസ മേഖലകളിലായി പുതുതായി നിർമ്മിച്ച 25 പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനാണ് പാർക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ബുധനാഴ്ച റിയാദിലെ ഖസർ അൽ ഹുക്മിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരനും വിവിധ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
നഗരത്തിലെ ഹരിത പ്രദേശങ്ങൾ വർധിപ്പിക്കുക, നഗരസൗന്ദര്യം മെച്ചപ്പെടുത്തുക, താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് റിയാദ് നഗരസഭ പുതിയ പാർക്കുകൾ വികസിപ്പിച്ചിരിക്കുന്നത്.
2021 മുതൽ ഇതുവരെ റിയാദ് നഗരസഭയുടെ നേതൃത്വത്തിൽ 144 പാർക്കുകളാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ഉദ്ഘാടന ചടങ്ങിൽ നഗരത്തിലെ ഹരിതവൽക്കരണ പദ്ധതികൾ, നഗരവികസന പ്രവർത്തനങ്ങൾ, പൊതുജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിവ വിശദീകരിക്കുന്ന അവതരണവും ഗവർണർ വീക്ഷിച്ചു.
നഗരവികസന പ്രവർത്തനങ്ങൾക്ക് സൗദി ഭരണകൂടം നൽകുന്ന പിന്തുണയെ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പ്രശംസിച്ചു.
ജനസംഖ്യാ വർധനയ്ക്കും നഗരത്തിന്റെ വികസനത്തിനും അനുസരിച്ച് കൂടുതൽ പാർക്കുകളും പൊതുസൗകര്യങ്ങളും ഒരുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദി വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി റിയാദിനെ കൂടുതൽ ഹരിതാഭവും ജനസൗഹൃദവുമായ നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
